ന്യൂഡല്‍ഹി: ഹോട്ടലുകള്‍ക്ക് പാചകവാതകം ഇല്ല. നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പാചകവാതകം പരിമിതപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അതേസമയം, വിതരണം ഉറപ്പാക്കാന്‍ കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെട്ടതാണ് സമിതി. ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തടസമില്ലാതെ എല്‍പിജി ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി നിര്‍ദേശം നല്‍കി. ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, മറ്റ് വ്യവസായങ്ങള്‍ എന്നിവയുടെ പരാതികള്‍ സമിതി പരിശോധിക്കും. ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള ഇന്നലെ നിര്‍ബന്ധമാക്കിയിരുന്നു. എല്‍പിജി വിതരണത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് ഉത്പാദനം വര്‍ധിപ്പിക്കാന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കുന്നതിനായുള്ള നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നുണ്ട്. നിലവില്‍ എല്‍പിജി ക്ഷാമമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഹോട്ടലുകള്‍ക്ക് പാചകവാതകം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍














