Newsskerala

മദ്യപാനത്തിനിടെ തർക്കം; എയർഗൺ ഉപയോഗിച്ച് വെടിവെപ്പ്, ഒരാൾക്ക് പരിക്ക്

വേലൂപ്പാടം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ എയർഗണ്ണിൽനിന്ന് വെടിയേറ്റ് ഒരാൾക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.

വരന്തരപ്പിള്ളി പഞ്ഞിക്കാരൻമൂല കൂട്ടിങ്ങൽ അരുൺ (43) ആണ് നെഞ്ചിൽ വെടിയേറ്റ് ചികിത്സയിലുള്ളത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സുഹൃത്തായ വേലൂപ്പാടം കിണർ ചിറ്റിലപ്പിള്ളി വീട്ടിൽ പ്രിയൻ (37) ആണ് പോലീസ് കസ്റ്റഡിയിലുള്ളത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വേലൂപ്പാടത്തെ പ്രിയന്റെ വീട്ടിലായിരുന്നു സംഭവം. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രിയന്റെ ബൈക്ക് ഓടിക്കാൻ അരുൺ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ബൈക്ക് നൽകാൻ പ്രിയൻ വിസമ്മതിച്ചതോടെ അരുൺ ഇരുമ്പുവടി ഉപയോഗിച്ച് പ്രിയന്റെ തലയ്ക്കടിക്കുകയായിരുന്നു.

ഇതിൽ പ്രകോപിതനായ പ്രിയൻ വീടിനുള്ളിൽനിന്ന് എയർഗൺ എടുത്ത് അരുണിന് നേരെ വെടിയുതിർത്തതായാണ് വിവരം.

പരിക്കേറ്റ അരുണിനെ ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് പോയ പ്രിയനെ കലവറക്കുന്ന് പ്രദേശത്തുനിന്നാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *