നാറ്റോയിൽ ചേരാതെ സ്വീഡന്റേയും ഓസ്ട്രിയെയും പോലെ പരിമിതമായ ആയുധബലം നിലനിർത്തി ‘ന്യൂട്രൽ ‘ (നിഷ്പക്ഷ) രാജ്യമായി നിലനിന്നാൽ വെടിനിർത്തലിനെ കുറിച്ച് തീരുമാനമെടുക്കാമെന്നാണ് റഷ്യൻ പ്രതിനിധികൾ ചർച്ചയിൽ ഉക്രൈയിന് മുന്നിൽവച്ച ഉപാധി.
കൊച്ചി: സമാധാന ചർച്ചയിൽ പുരോഗതി എന്ന് സൂചന നൽകി ഉക്രൈയിനും റഷ്യയും. നാറ്റോയിൽ ചേരാതെ സ്വീഡന്റേയും ഓസ്ട്രിയെയും പോലെ പരിമിതമായ ആയുധബലം നിലനിർത്തി ‘ന്യൂട്രൽ ‘ (നിഷ്പക്ഷ) രാജ്യമായി നിലനിന്നാൽ വെടിനിർത്തലിനെ കുറിച്ച് തീരുമാനമെടുക്കാമെന്നാണ് റഷ്യൻ പ്രതിനിധികൾ ചർച്ചയിൽ ഉക്രൈയിന് മുന്നിൽവച്ച ഉപാധി.
എന്നാൽ ഉക്രൈൻ ‘ന്യൂട്രൽ’ ആശയം സ്വീകരിക്കാൻ തയ്യാറായിട്ടില്ല. അന്താരാഷ്ട്ര സമൂഹം ഇപ്പോൾ എടുത്തിട്ടുള്ള നിലപാടിൽ നിന്ന് മാറി ഉക്രൈയിന് ഭാവിയിൽ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ധാരണയിൽ എത്തണമെന്നാണ് ഉക്രൈൻ നിലപാട്. റഷ്യ ആവശ്യപ്പെട്ടതുപോലെ പൂർണ്ണമായും നേറ്റോയോട് നിഷ്പക്ഷമായ നിലപാടെടുക്കുവാനും ഉക്രൈൻ സമ്മതിച്ചിട്ടില്ല.
അമേരിക്കൻ സുരക്ഷാ ഉപദേശകൻ ജെയ്ക്ക് സുളളിവനും റഷ്യയുടെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായ നിക്കോളെ പാട്ട്റൂഷേവും തമ്മിൽ ആദ്യമായി വെടിനിർത്തൽ സാധ്യതകളെ സംബന്ധിച്ച് ബുധനാഴ്ച ആശയവിനിമയം നടത്തി. ഉക്രൈൻ വിഷയത്തിൽ അമേരിക്കയും റഷ്യയും തമ്മിൽ അധിനിവേശം ആരംഭിച്ച ശേഷം നടന്ന ആദ്യ ഉന്നത തലത്തിലുള്ള ചർച്ചയായിരുന്നു ഇതെന്ന് വൈറ്റ്ഹൗസ് പറഞ്ഞു. സമാധാന ശ്രമങ്ങൾക്കിടെ ഉക്രൈയിന് കൂടുതൽ ആയുധങ്ങൾ നൽകുമെന്നും ധനസഹായമായി 800 മില്യൺ ഡോളർ (6,000 കോടി രൂപ) കൂടി സഹായമായി നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോൺ ബൈഡൺ പ്രഖ്യാപനം നടത്തി.
ഫെബ്രുവരി 24 നാണ് റഷ്യയുടെ ഉക്രൈൻ അധിനിവേശം ആരംഭിച്ചത്. ‘നിഷ്പക്ഷ’ നിലപാട് എന്ന ഉപാധി റഷ്യൻ പ്രസിഡൻറ് വ്ളാഡമീർ പുടിൻ ഉക്രൈയിന് മുന്നിൽ അധിനിവേശം ആരംഭിക്കും മുൻപ് ഫെബ്രുവരിയിൽ വച്ചിരുന്നു. റഷ്യ പൂർണതോതിൽ ഉക്രൈയിന് മേൽ ആക്രമണം അഴിച്ചുവിട്ടിട്ടില്ല എന്നാണ് റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നത്. അതിനിടയിൽ ഉക്രേനിയൻ പ്രസിഡൻറ് വ്‌ളോഡമീർ സെലൻസ്ക്കിയെ പോളണ്ടിൽ എത്തിച്ച് അവിടെനിന്ന് ഉക്രൈയിനിൽ ഭരണം നടത്താനുള്ള സംവിധാനവും അമേരിക്ക ആലോചിക്കുന്നുണ്ട്.