തൃശൂര്‍: സര്‍ക്കാരിന്റെ കരുതലും,കൈത്താങ്ങും ആവശ്യപ്പെട്ടാണ് അതിരപ്പിള്ളിയില്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ച അഞ്ചുവയസ്സകാരിയായ ആഗ്നേമിയയുടെ മാതാപിതാക്കള്‍ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ സമരത്തിനെത്തിയത്. വന്യജീവിസംരക്ഷണത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കിഫയുടെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും.
അതിരിപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചായിരുന്നു അമ്മയുടെ വീട്ടില്‍ മരണാന്തരച്ചടങ്ങുകള്‍ക്കെത്തിയ മാള പുത്തന്‍ചിറ സ്വദേശി നിഖിലിനെയും, മകള്‍ ആഗ്നേമിയയെയും, മുത്തച്ഛന്‍ ജയനേയും കാട്ടാന ആക്രമിച്ചത്.
ഓട്ടത്തിനിടെ നിലത്തുവീണ ആഗ്നേമിയയെ ഒറ്റയാന്‍ ചവിട്ടിക്കൊല്ലുകയായിരുന്നു. മുത്തച്ഛന്‍ ജയന്റെ കൈയിന് പരിക്കേറ്റു. ആഗ്നേമിയയുടെ മരണം മുന്നില്‍ കണ്ടതിന്റെ ആഘാതത്തില്‍ അധികനാള്‍ കഴിയും മുന്‍പേ മുത്തച്ഛന്‍ ജയനും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ മാസത്തിലായിരുന്നു കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തൃശൂര്‍ ജില്ലയില്‍ മാത്രം വന്യജീവിയാക്രമണത്തില്‍ 12 പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ട്
നിര്‍ധനരായ ഇവരുടെ ജീവിതം മഴയത്ത് തകര്‍ന്നുവീഴാവുന്ന കൊച്ചുകൂരയിലാണ്. മകളെ കാട്ടാന ചവിട്ടിക്കൊല്ലുന്നത് നേരില്‍ കണ്ട് മാനസികമായി തളര്‍ന്ന പിതാവ് നിഖിലിന് ജോലിക്ക് പോകാനും കഴിയുന്നില്ല. മകള്‍ അകാലത്തില്‍ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് അമ്മ അജന്യയും.
ഡിപ്ലോമ പാസായ ആഗ്നേമിയുടെ അമ്മ അജന്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും, അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും ഇന്‍ഷുറന്‍സും ഇവരുടെ കുടുംബത്തിന് ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കിഫയുടെ നേതൃത്വത്തില്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി