തൃശൂര്‍: വ്യത്യസ്ത രുചിക്കൂട്ടുകളുടെ സ്വാദില്‍ മയിലായും, മീനായും വിവിധ രൂപങ്ങളില്‍ ഒരുക്കിയ കേക്കുകള്‍ മെഗാപ്രദര്‍ശന മേളയിലെത്തിയവര്‍ക്ക് അപൂര്‍വകാഴ്ചയായി. എന്റെ കേരളം മെഗാ വിപണനമേളയിലെ കുടുംബശ്രീ കഫേയില്‍ നടന്ന കേക്കുകളുടെ പാചകമത്സരത്തില്‍ എക്‌സിബിഷന്‍ വരെ കേക്കിന് മാതൃകയായി.
മത്സരത്തില്‍ ഇളനീര്‍ കേക്കിനായിരുന്നു പുതുമ. ചക്ക, മാമ്പഴം എന്നീ പാരമ്പര്യ വിഭവങ്ങളും സ്പാനിഷ് ഡിലൈറ്റ്, മിക്സഡ് ഫ്രൂട്ട്സ്, നട്ടി ബബിള്‍, ഫലൂദ, വൈറ്റ് ചോക്ലേറ്റ്, പിസ്ത, വൈറ്റ് ചോക്ലേറ്റ്, മാംഗോ ട്രഫിള്‍ എന്നിവയും സ്ഥാനം പിടിച്ചു.
16 ബ്ലോക്കില്‍ നിന്നുമായി പതിനാറ് പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. നട്ടി ബബിള്‍സ് കേക്ക് തയ്യാറാക്കിയ മതിലകം ബ്ലോക്കിലെ ശരണ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്പാനിഷ് ഡിലൈറ്റ് തയ്യാറാക്കി ചാവക്കാട് ബ്ലോക്കിലെ ശരണ്യ രണ്ടാം സ്ഥാനവും നട്ടി ബബിള്‍സ് കേക്ക് തയ്യാറാക്കി ചേര്‍പ്പ് ബ്ലോക്കിലെ ശ്വേത മൂന്നാം സ്ഥാനവും നേടി.
കെ.ടി.ഡി.സി സീനിയര്‍ ഷെഫ് വി മനോജ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. ഷാലിമാര്‍, ഫുഡ് കോര്‍ട്ട് പ്രൊഡക്ഷന്‍ ഡെമോണ്‍സ്ട്രേഷന്‍ പി.ശ്യാം, ഐഫ്രം ഫാക്കല്‍റ്റി ദയാശീലന്‍ എന്നിവരടങ്ങുന്ന വിധികര്‍ത്താക്കളാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.