കൊച്ചി: സംവിധായകന്‍ അലി അക്ബര്‍ രാമസിംഹന്‍ ബി.ജെ.പി വിട്ടു. സംസ്ഥാന ബി.ജെ.പി അധ്യക്ഷനാണ് ഇ-മെയില്‍ വഴി അലി അക്ബര്‍ രാജിക്കത്ത് കൈമാറിയത്. കലാകാരന്‍മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് അലി അക്ബര്‍ പറയുന്നു. തെരഞ്ഞെടുപ്പുകളിലെ പ്രദര്‍ശന വസ്തു അല്ല കലാകാരന്‍മാരെന്നും കലാകാരന്‍മാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബര്‍ പറയുന്നു. ദേശിയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്നങ്ങള്‍ അറിയാമെന്നും അലി അക്ബര്‍ പറയുന്നു. നരേന്ദ്ര മോദിയെ വിട്ടുള്ള ഒരു കളിയും ഇല്ല എന്നും അലി അക്ബർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
കലാകാരന്‍ എന്ന നിലയില്‍ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബി.ജെ.പിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹന്‍ വ്യക്തമാക്കി. ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്നും ഹിന്ദു ധര്‍മ്മത്തോടൊപ്പം നില്‍ക്കുമെന്നും രാമസിംഹന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രനാണ്. എല്ലാത്തില്‍ നിന്നും മോചിതനായെന്നും അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തല മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് ബി.ജെ.പി ബന്ധം ഉപേക്ഷിച്ച വിവരം രാമസിംഹന്‍ അറിയിച്ചത്. കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘവും ബി.ജെ.പി വിട്ടത്.
2022 ജനുവരിയില്‍ ഇസ്ലാം മതം വിട്ട് അലി അക്ബര്‍ ഹൈന്ദവ മതം സ്വീകരിച്ചിരുന്നു. ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തയ്ക്ക് താഴെ മുസ്ലിം വിഭാഗത്തിൽ പെട്ടവർ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടര്‍ന്നാണ് താന്‍ മതം മാറുന്നതെന്നാണ് രാമസിംഹന്‍ പറഞ്ഞത്. അങ്ങനെയാണ് രാമസിംഹന്‍ എന്ന പേര് സ്വീകരിക്കുന്നതും.