Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പനമുക്ക് കോള്‍പ്പാടത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: പനമുക്ക് കോള്‍പ്പാടത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് പിറകുവശം ചീക്കോടന്‍ വീട്ടില്‍ പരേതനായ ജോസിന്റെയും കവിതയുടെയും മകന്‍ ആഷിക് (23) ആണ് മരിച്ചത്. ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്ന്  ഇന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ഇരുട്ടും, കനത്തമഴയും മൂലം ഇന്നലെ രാത്രി ഒന്‍പതരയോടെ കാണാതായ ആള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.

ഇന്നലെ  വൈകുന്നേരത്തോടെയാണ് പനമുക്കില്‍ കോള്‍പ്പാടത്ത് മൂന്ന് യുവാക്കള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ഇതിന് പിന്നാലെ മറ്റ് രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. പാലക്കല്‍ സ്വദേശി ആഷിക് ബാബു,  നെടുപുഴ സ്വദേശി നീരജ് എന്നിവരാണ് രക്ഷപ്പെട്ടത്.

പനമുക്ക് ഗുരുദേവ സ്‌കൂളിന് പിറകിലുള്ള പുത്തന്‍വെട്ടുകായലിന് സമീപമുള്ള കോള്‍പ്പാടമായ ചാമക്കോളിലാണ് മീന്‍പിടിത്ത വള്ളത്തില്‍  യുവാക്കള്‍ വിനോദത്തിനായിറങ്ങിയത്. കോളിന്റെ നടുവിലെത്തിയപ്പോള്‍ ശക്തമായ കാറ്റില്‍ വഞ്ചി ഉലഞ്ഞ് മറിയുകയായിരുന്നു. മറിഞ്ഞ വഞ്ചി നേരെയാക്കാന്‍ യുവാക്കള്‍ക്ക് കഴിഞ്ഞില്ല.  ഇതോടെ രണ്ടുപേര്‍ കരയിലേക്ക് നീന്തിക്കയറി. ആഷിക്കിന് നീന്തിക്കയറാനായില്ല. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് മൂന്നുപേരും പാടത്തേക്ക് എത്തിയതെന്നറിയുന്നു.

വിവരം അറിഞ്ഞയുടന്‍ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലാരംഭിച്ചു. ഡിങ്കി ബോട്ട് ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്.

കണിമംഗലം കോളിനോട് ചേര്‍ന്ന ചാമക്കോളില്‍ വഞ്ചിയപകടമുണ്ടായത് കരയില്‍നിന്ന് 200 മീറ്റര്‍ അകലെ മാത്രം. 90 ഏക്കറോളം വരുന്ന ഈ കോള്‍പ്പാടത്ത് ഏതാണ്ട് രണ്ടാള്‍പ്പൊക്കത്തില്‍ വെള്ളമുണ്ട്. രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ കോളില്‍ നന്നായി വെള്ളമുയര്‍ന്നിരുന്നു

സംഭവമറിഞ്ഞ് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ജില്ലാ ഫയര്‍ ഓഫീസര്‍ എം.എസ്. സുവി, ഡിവിഷന്‍ കൗണ്‍സിലര്‍ രാഹുല്‍നാഥ്, തഹസില്‍ദാര്‍ ടി. ജയശ്രീ, വില്ലേജ് ഓഫീസര്‍ വനിത എന്നിവരുള്‍പ്പെടെ സ്ഥലത്ത് എത്തിയിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ഷാനവാസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ജ്യോതികുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *