Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ട്രെയിനിലെ തീവെപ്പ് : രക്ഷപ്പെടാൻ ശ്രമിച്ച മൂന്നുപേരുടെ മൃതശരീരങ്ങൾ പുലർച്ച കണ്ടെത്തി

ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തി കൊല്ലാന്‍ ശ്രമം: മൂന്നു പേര്‍ ട്രാക്കില്‍ മരിച്ച നിലയില്‍, മരിച്ച 2 പേര്‍ക്ക് പൊള്ളലേറ്റിട്ടില്ല, ചുവന്ന കള്ളിഷര്‍ട്ട് ധരിച്ച അക്രമി രക്ഷപ്പെട്ടത് ബൈക്കില്‍, അക്രമം ആസൂത്രിതം, കാട്ടിലെപീടിക 1 പള്ളിക്ക് സമീപത്തുനിന്ന്് നിര്‍ണായക ദൃശ്യങ്ങള്‍ കിട്ടി

പ്രതി ഇതരസംസ്ഥാനക്കാരന്‍?

കൊച്ചി: ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമിച്ച കേസില്‍ അക്രമി ഇതരസംസ്ഥാനക്കാരനെന്ന് സംശയം. 25 വയസ്സുള്ള ചെറുപ്പക്കാരനാണ് അക്രമി. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ചുവന്ന ഷര്‍ട്ട് ധരിച്ച പ്രതി രക്ഷപ്പെട്ടത് ബൈക്കിലാണ്. ഒരാളുടെ ബൈക്കിന് പിന്നിലിരുന്ന് അക്രമി രക്ഷപ്പെടുകയായിരുന്നു. ആസൂത്രിത അക്രമമെന്ന് കരുതുന്നു. അക്രമി ഒരു മുദ്രാവാക്യവും വിളിച്ചിരുന്നില്ല. അക്രമിയുടെ ബാഗ് ട്രാക്കില്‍ നിന്ന് കണ്ടെത്തി.
ട്രെയിനില്‍ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ചാടിയതെന്ന് കരുതുന്ന സ്ത്രീയും കുഞ്ഞും ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്.

കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്- ജസീല ദമ്പതികളുടെ മകള്‍ സഹറ (രണ്ട് വയസ്), ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌രിയ മന്‍സിലില്‍ റഹ്‌മത്ത് (45), മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം റെയില്‍വേ പാളത്തിലാണ് മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ പൊളളലേറ്റതിന്റെ പാടുകള്‍ ഇല്ല. തലയ്ക്ക് പിന്നിലാണ് പരിക്ക്.

ട്രെയിനിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊള്ളലേറ്റ അഞ്ചുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും ഒരാളെ കൊയിലാണ്ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടം നടന്ന സ്ഥലം സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധിക്കുന്നു
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ട്രെയിനിന്റെ ഡി1 കമ്പാര്‍ട്‌മെന്റില്‍ ഇന്നലെ രാത്രി 9.15ഓടെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് പിന്നിട്ട് ട്രെയിന്‍ എലത്തൂര്‍ സ്റ്റേഷനും കഴിഞ്ഞ് കോരപ്പുഴ പാലത്തിലെത്തിയപ്പോള്‍ പെട്രോളുമായി കമ്പാര്‍ട്‌മെന്റില്‍ കയറിയ ആക്രമി യാത്രക്കാര്‍ക്കുനേരെ സ്‌പ്രേ ചെയ്തശേഷം കത്തിക്കുകയായിരുന്നു എന്നാണ് കമ്പാര്‍ട്‌മെന്റിലുള്ളവര്‍ പറഞ്ഞത്.

മറ്റു യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ട്രെയിനിന് തീപിടിച്ചു എന്നായിരുന്നു ആദ്യം പ്രചരിച്ചത്. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ട്രെയിന്‍ നിന്നത് പാലത്തിനു മുകളിലായതിനാല്‍ പൊള്ളലേറ്റവരെ പുറത്തെത്തിക്കാനും ഏറെ പണിപ്പെടേണ്ടിവന്നു. ഡി വണ്‍ കമ്പാര്‍ട്‌മെന്റില്‍നിന്ന് മറ്റു കമ്പാര്‍ട്‌മെന്റിനുള്ളിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്.

കണ്ണൂര്‍ കതിരൂര്‍ പൂഞ്ഞം നായനാര്‍ റോഡ് പൊയ്യില്‍ വീട്ടില്‍ അനില്‍കുമാര്‍ (50), ഭാര്യ സജിഷ (47), മകന്‍ അദ്വൈത് (21), റെയില്‍വേ എന്‍ജിനീയറായ തൃശൂര്‍ മണ്ണുത്തി മാനാട്ടില്‍ വീട്ടില്‍ പ്രിന്‍സിന്റെ ഭാര്യ അശ്വതി (29), കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സെക്ഷന്‍ ഓഫിസറായ തളിപ്പറമ്പ് പട്ടുവം അരിയില്‍ നീലിമ ഹൗസില്‍ റൂബി (52) എന്നിവരെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

ഇതില്‍ അനില്‍കുമാറിന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്ന റാസിഖ് എന്നയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതീന്ദ്രനാഥ്, പ്രിന്‍സ് എന്നിവരാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ളത്.

എറണാകുളത്ത് യോഗം കഴിഞ്ഞ് മടങ്ങിയ കണ്ണൂര്‍ എന്‍ജിനീയറിങ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു ഡി വണ്‍ കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്നവരില്‍ ഏറെയും. ഇവര്‍ക്കാണ് ആക്രമണം നേരിട്ടത്. ടോയ്‌ലറ്റിന്റെ ഭാഗത്തുനിന്നു കമ്പാര്‍ട്‌മെന്റിലേക്ക് രണ്ടു കുപ്പികളുമായി വന്ന ആക്രമി പെട്രോള്‍ വീശിയൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്ന യാത്രക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ച ആക്രമിക്കും പൊള്ളലേറ്റുവെന്നാണ് അറിയുന്നത്. ആക്രമിയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും റെയില്‍വേ പൊലീസും സ്ഥലത്ത് ഏറെ വൈകിയും പരിശോധന നടത്തുകയാണ്. ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ സംഭവം നടന്ന ഡി 1 കോച്ചും തൊട്ടടുത്ത ഡി 2 കോച്ചും പൊലീസ് സീല്‍ ചെയ്തു.

അക്രമിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് 12 വസ്തുക്കള്‍, മാവോയിസ്റ്റ് ലഘുലേഖകളും, ബൈക്ക് തിരിച്ചറിഞ്ഞു.
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയവയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും തിരുവനന്തപുരം അടക്കം ആറ് നഗരങ്ങളുടെ പേരുകളും. കുറിപ്പുകള്‍ അടങ്ങിയ ബുക്ക് സഹിതം 12 വസ്തുക്കളാണ് മധ്യവയസ്‌കനെന്ന് കരുതപ്പെടുന്ന പ്രതിയുടെ ബാഗില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ട്രാക്കില്‍ നിന്ന് കണ്ടെത്തിയ ബാഗില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ ഉണ്ടെന്നും സൂചനയുണ്ട്. പ്രതിയുടേത് എന്ന് സംശയിക്കുന്ന വ്യക്തിക്ക് അതുകൊണ്ട് തന്നെ മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. അന്വേഷണം വഴിതെറ്റിക്കാന്‍ ബാഗ് ഇവിടെ ഉപേക്ഷിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിവരങ്ങള്‍ ശേഖരിക്കുകയാണ്.
പ്രതി രക്ഷപ്പെട്ട ബൈക്ക് തിരിച്ചറിഞ്ഞു. കൂരാച്ചുണ്ട് സ്വദേശിയുടേതാണ് ബൈക്ക്.

പെട്രോള്‍ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് നോട്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട് ബുക്കിലെ കുറിപ്പില്‍ കാര്‍പെന്റര്‍ എന്ന വാക്ക് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ആക്രമണം സംബന്ധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയവും അന്വേഷണം നടത്തുമെന്നാണ് വിവരങ്ങള്‍. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം വിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണം വിലയിരുത്തുന്നതിന്റെ ഭാഗമായി ഡിജിപി അനില്‍കാന്ത് 11.30നുള്ള വിമാനത്തില്‍ കണ്ണൂരിലേക്ക് പുറപ്പെടും. അക്രമിയെ സംബന്ധിച്ച് നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവശേഷം ഇയാള്‍ ട്രെയിന്‍ നിര്‍ത്തി റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കില്‍ കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളെ കാത്ത് ബൈക്ക് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ചുവന്ന ഷര്‍ട്ടും, തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു.

ചില നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

നേരത്തെ ഇയാളെ കാത്ത് ബൈക്കവിടെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്രമി ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിവച്ച ആളാണെന്ന് യാത്രക്കാര്‍ മൊഴി നല്‍കി.

pic: Representative purpose

 

Leave a Comment

Your email address will not be published. Required fields are marked *