തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന തൃശൂര്‍ പൂരത്തിന്റെ സുരക്ഷാഡ്യൂട്ടിക്കായി ഇത്തവണ അയ്യായിരം പോലീസുകാരെ നിയോഗിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ അറിയിച്ചു. തേക്കിന്‍കാട്. മൈതാനത്തെ തൃശൂര്‍ പൂരം എക്‌സിബിഷനില്‍ പോലീസ് പവലിയന്‍ ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരാജ് റൗണ്ട് കേന്ദ്രീകരിച്ചായിരിക്കും സുരക്ഷാ ക്രമീകരണം. തിരക്കേറിയ ഇടങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. ട്രാഫിക് നിയന്ത്രിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ രൂപരേഖ ഒരാഴ്ചക്കുള്ളില്‍ തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് നിബന്ധകള്‍ പാലിക്കുന്നത് ഉറപ്പുവരുത്തും.
ഇത്തവണ 15 ലക്ഷത്തോളം പേര്‍ തൃശൂര്‍ പൂരം കാണാനെത്തുമെന്നാണ് ഇന്റലിജന്‍സിന്റെ അറിയിപ്പ്. ഇത്തവണ പോലീസ് പട്രോളിംഗും പരിശോധനയും കൂടുതല്‍ കര്‍ശനമാക്കും. ലോഡ്ജുകളും തിരക്കേറിയ ഇടങ്ങളും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാകും. മെയ് 10, 11 തീയതികളിലാണ് തൃശൂര്‍ പൂരം. എക്‌സിബിഷനിലെ പോലീസ് പവലിയനില്‍ പോലീസിന്റെ പക്കലുള്ള അത്യാധുനിക ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ വളര്‍ച്ചയുടെ പടവുകള്‍ രേഖപ്പെടുത്തുന്ന ചിത്രങ്ങളും ഇവിടെയുണ്ടാകും. വിനോദത്തിനായി ഷൂട്ടിംഗ് റേഞ്ച് തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ ഷൂട്ടിംഗ് ഗെയിം കളിക്കാം. വെര്‍ച്വല്‍ ഷൂട്ടിംഗ് ഗെയിം ഇത്തവണ പുതുമയാണെന്നും അദ്ദേഹം പറഞ്ഞു.