Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനത്തേക്ക്ചുവടുവെച്ച് കളക്ടര്‍ ഹരിതയും, സംഘവും

തൃശൂര്‍: നടനചാരുതയുടെ നിറവില്‍ കളക്ടര്‍ ഹരിത.വി.കുമാറിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിരക്കളി കലാസ്വാദര്‍ക്ക് ഹൃദ്യാനുഭവമായി. ഉത്തരാസ്വയംവരത്തിലെ ‘കര്‍ണാ പാര്‍ഥ സദൃശ്യന്‍ ആരിഹ….’ എന്നു തുടങ്ങുന്ന പദം അവലംബിച്ചായിരുന്നു കളക്ടറുടെയും സംഘത്തിന്റെയും അനുപമ ആതിര നടനം.  റീജിയണല്‍ തിയേറ്ററില്‍ ജില്ലാ റവന്യൂ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ തിരുവാതിരക്കളിയില്‍ കളക്ടറുടെ ടീം ഒന്നാം സ്ഥാനവും നേടി.ചാലക്കുടിയിലെ ടീമും ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.  13 ടീമുകള്‍ തിരുാവാതിരക്കളിയില്‍ മത്സരിക്കാനെത്തി. കളക്ടറേറ്റിലെ ഉദ്യോഗസ്ഥയായ റോമി ചന്ദ്രമോഹനായിരുന്നു കളക്ടറെ തിരുവാതിരക്കളി പരിശീലിപ്പിച്ചത്. രണ്ട് ദിവസം മാത്രം  ഓഫീസ് സമയം കഴിഞ്ഞുള്ള നേരത്തായിരുന്നു കളക്ടര്‍ക്ക് നേരിട്ട് പരിശീലനം നല്‍കിയതെന്ന് റോമി ന്യൂസ്സ് കേരള ഡോട്ട് കോമിനോട് പറഞ്ഞു. രണ്ടാഴ്ച മുന്‍പ് തിരുവാതിരക്കളികളുടെ വീഡിയോകള്‍ അയച്ചു കൊടുത്തിരുന്നു. രണ്ട് ദിവസം കൊണ്ടു തന്നെ കളക്ടര്‍ ആതിര നടനത്തിലെ താളാത്മക ചുവടുകള്‍  ഹൃദിസ്ഥമാക്കിയെന്ന് റോമി പറഞ്ഞു.


കോവിഡ് കാലഘട്ടത്തില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് വില്ലേജ് ഓഫീസര്‍മാര്‍ മുതലുള്ള റവന്യൂവകുപ്പിലെ ജീവനക്കാര്‍ കടന്നുപോയതെന്ന് കളക്ടര്‍ ഹരിത.വി.കുമാര്‍ പറഞ്ഞു. നിരവധി പേരുടെ പ്രശ്‌നങ്ങളില്‍ റവന്യൂ ജീവനക്കാര്‍ക്ക് ഇടപെടേണ്ടി വന്നു. അതിനാല്‍ അവര്‍ക്കിടയിലെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

കലാകാരികളായ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായാണ് താന്‍ അരങ്ങിലെത്തിയതെന്ന് കളക്ടര്‍ ഹരിത.വി.കുമാര്‍ പറഞ്ഞു. ഓഫീസ് സമയത്തിന് ശേഷം രണ്ട് ദിവസം മാത്രമായിരുന്നു പരിശീലനം. റവന്യൂ കലോത്സവത്തിന് കൂടുതല്‍ പേരുടെ പ്രാതിനിധ്യം തൃശൂര്‍ ജില്ലയില്‍ നിന്നായതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യം  മുഖത്ത് മേയ്ക്കപ്പിട്ടത്. ഇപ്പോള്‍ മേയ്ക്കപ്പണിഞ്ഞപ്പോള്‍ താന്‍ അവിശ്വസനീയമായി തോന്നിയെന്നും അവര്‍ പറഞ്ഞു.

കലോത്സവം കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.ഡി.ഒ പി.എ.വിഭൂഷണന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടര്‍ സി.സി.യമുനദേവി, ഹുസൂര്‍ ശിരസ്തദാര്‍ കെ.ടി.പ്രാണ്‍സിംഗ്,  തഹസില്‍ദാര്‍ ടി.ജയശ്രീ എന്നിവരും പങ്കെടുത്തു.  

Leave a Comment

Your email address will not be published. Required fields are marked *