ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനത്തില്‍ കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ജയ്‌ഷെ, ലഷ്‌കര്‍ താവളങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. സൈന്യം തകര്‍ത്ത ബാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രം കൊടുംഭീകരന്‍ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്‌രികെയിലെ ലഷ്‌കര്‍ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‌രികെ ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് മിസൈല്‍ തൊടുത്തായിരുന്നു ആക്രമണം.
ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവല്‍പൂരിലും മുദ്‌രികെയിലുമുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകര്‍ത്തത്.