തൃശൂര്‍: ചെമ്പൂക്കാവിലെ അവധിക്കാല ക്യാമ്പിലേക്ക് അപ്രതീക്ഷിത അതിഥിയായി ലക്ഷ്മിക്കുട്ടി എന്ന പിടിയാന എത്തി. ക്യാമ്പിലെ കുസൃതിക്കുരുന്നുകള്‍ ആഹ്ലാദാരവത്തോടെയാണ് ലക്ഷ്മിക്കുട്ടിയെ വരവേറ്റത്. കൗതുകം വിടര്‍ന്ന കണ്ണുകളുമായി കുട്ടികള്‍ ലക്ഷ്മിക്കുട്ടിക്ക് ചുറ്റും ഇരുന്നു.
അവധിക്കാല ക്യാമ്പില്‍ കുട്ടികള്‍ക്കായി ആനയെ പരിചയപ്പെടുത്തിയത് മയക്കുവെടി വിദഗ്ധന്‍ കൂടിയായ പ്രശസ്ത ഗജചികിത്സകന്‍ ഡോ.പി.ബി.ഗിരിദാസായിരുന്നു. കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടിയും നല്‍കി.
ആന കോട്ടുവായിടുമോയെന്നായിരുന്നു ഒരു കുസൃതിക്കുരുന്നിന്റെ ചോദ്യം. ആനയുടെ നിറത്തെക്കുറിച്ചും, തുമ്പിക്കൈയിനെക്കുറിച്ചും സദാസമയവും ആട്ടുന്ന ചെവികളെക്കുറിച്ചും എല്ലാമുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോ.പി.ബി.ഗിരിദാസന്‍ മറുപടിയും നല്‍കി.
മൊട്ടുസൂചി വരെ എടുക്കാനുള്ള കഴിവ് ആനയുടെ തുമ്പിക്കൈയിനുണ്ടെന്ന പ്രത്യേകതയും ഡോ.ഗിരിദാസന്‍ കുട്ടികളുമായി പങ്കിട്ടു. ഒരു ദിവസം ആന 200 ലിറ്റര്‍ വെള്ളം കുടിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. തേന്‍ നിറമുള്ള ആനകളുടെ കണ്ണുകളെക്കുറിച്ചും, മുറം പോലെയുള്ള ചെവികളുടെ സവിശേഷതതയും വിസ്മയത്തോടെയാണ് കുരുന്നുകള്‍ കേട്ടത്.
തുമ്പിക്കെ ഉയര്‍ത്തിയും, ചെവികളാട്ടിയും, തലകുലുക്കിയും അനുസരണയോടെ നിന്ന ലക്ഷ്മിക്കുട്ടിക്ക് കുട്ടികള്‍ ജിലേബിയടക്കമുള്ള മധുരപലഹാരങ്ങളും തണ്ണിമത്തനും പഴങ്ങളും നല്‍കി.