Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഡോ.എം.എസ്.സ്വാമിനാഥന്‍ അന്തരിച്ചു; ഓര്‍മയായത് ഹരിതവിപ്ലവത്തിന്റെ നാഥന്‍

കൊച്ചി:  ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ  പിതാവായി അറിയപ്പെടുന്ന ഡോ. എം.എസ് സ്വാമിനാഥന്‍ വിടവാങ്ങി.   ഇന്ന് 11.20 ന് ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സുണ്ടായിരുന്നു. മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്നാണ് എം.എസ്. സ്വാമിനാഥന്റെ മുഴുവന്‍ പേര്.
ഇന്ത്യന്‍  കാര്‍ഷിക മേഖലയ്ക്ക് ദിശാബോധവം നല്‍കിയ മഹാനായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളും, പരിശ്രമങ്ങളും ലോകത്തിന് തന്നെ മാതൃകയായി.
സ്വാമിനാഥന്റെ  പരിഷ്‌കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രപ്രതിഭയായിരുന്നു അദ്ദേഹം.  

1967-ല്‍ പത്മശ്രീയും 1972-ല്‍ പത്മഭൂഷനും 198-9ല്‍ പത്മവിഭൂഷനും നല്‍കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചു. 1971-ല്‍ സാമൂഹിക സേവനത്തിന് രമണ്‍ മാഗ്‌സസെ അവാര്‍ഡ്, 1986-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ അവാര്‍ഡ്, 1987-ല്‍ ആദ്യ ലോക ഫുഡ് പ്രൈസ്, 2000 ത്തില്‍ സമാധാനത്തിന് ഇന്ദിര ഗാന്ധി അവാര്‍ഡ്, പരിസ്ഥിതി സംരക്ഷണത്തിന് യു.എന്‍.ഇ.പി അവാര്‍ഡ്, യുനെസ്‌കോയുടെ മഹാത്മാ ഗാന്ധി അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്ക്ക് അടിത്തറയിട്ട ഹരിത വിപ്ലവത്തിന്റെ  ശില്‍പ്പിയെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1925 ഓഗസ്റ്റ് 7ന് സര്‍ജനായ ഡോ എം.കെ. സാംബശിവന്റെയും പാര്‍വതി തങ്കമ്മാളിന്റെയും മകനായി തമിഴ്‌നാട്ടിലെ കുംഭകോണത്താണ്  ജനനം. കുംഭകോണം കത്തോലിക്കേറ്റ് ലിറ്റില്‍ ഫ്‌ളവര്‍ ഹെസ്‌കൂളില്‍ നിന്ന് 15 വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1944-ല്‍ സുവോളജിയില്‍ ബിരുദം നേടി. ശേഷം മദ്രാസ് അഗ്രിക്കള്‍ച്ചറല്‍ കോളേജില്‍ നിന്ന് അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍ ബിരുദം കരസ്ഥമാക്കി.

1947ല്‍ ഡെല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനറ്റിക്‌സ് ആന്റ് പ്ലാന്റ് ബ്രീഡിങ്ങില്‍ മാസ്റ്റര്‍ ബിരുദവും നേടി. 1949-ല്‍  നെതര്‍ലാന്‍ഡ്‌സിലെ ജനിതക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉരുളക്കിഴങ്ങിലെ ജനിതക പഠനത്തിനായി യുനെസ്‌കോ ഫെലോഷിപ്പ് സ്വീകരിച്ചു. 1950ല്‍ കേംബ്രിഡ്ജില്‍ ഗവേഷണത്തിന് ചേര്‍ന്നു.1952ല്‍ പി.എച്ച്.ഡി നേടി. അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് ചേരുകയും അമേരിക്കന്‍ കാര്‍ഷിക വകുപ്പിനു കീഴില്‍ ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം തുടങ്ങാന്‍ സഹായിക്കുകയും ചെയ്തു.

1955-72 കാലത്ത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപനവും ഗവേഷണവും. മികച്ച ഉല്‍പ്പാദനം തരുന്ന ഗോതമ്പ് വിത്തുകള്‍ക്കായുള്ള ഗവേഷണമാണ് അദ്ദേഹം നടത്തിയത്.  1961-72 കാലത്ത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പദവിയിലേക്ക് എത്തി. 1965 -ല്‍  നോര്‍മല്‍ ബോലോഗും മറ്റു ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് അത്യുല്‍പാദക വിത്തിനങ്ങള്‍ വികസിപ്പിച്ച് രാജ്യത്തിന് ഭക്ഷ്യ സുരക്ഷ കൈവരിക്കാന്‍ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചു.

1972-79 കാലത്ത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ആയിരുന്നു. 1979-80 കാലത്ത് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയും 1980-82 കാലത്ത് ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചു. 1988-ല്‍  ചെന്നൈയില്‍ എംഎസ് സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിച്ചു.  2004-06 കാലത്ത് ദേശീയ കര്‍ഷക കമ്മീഷന്‍ അധ്യക്ഷനായി.  2007-13 കാലത്ത് രാജ്യസഭാംഗമായിരുന്നു.  2010-13 കാലത്ത് ഭക്ഷ്യസുരക്ഷയ്ക്കായുള്ള ആഗോള സമിതിയില്‍ ഉന്നതാധികാര വിദഗ്ധ സമിതി അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.  

Photo Credit: Google

Leave a Comment

Your email address will not be published. Required fields are marked *