അമൃതം മാസ്റ്റര്‍ പ്ലാനില്‍ ഭൂമാഫിയയുടെ ഇടപെടലെന്ന് പ്രതിപക്ഷ നേതാവ്
തൃശൂര്‍: ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്ഷ്യല്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ മേയര്‍ നിര്‍ബന്ധിതമായതെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ പറഞ്ഞു.24 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കേരള മുന്‍സിപ്പാലിറ്റി (കൗണ്‍സിലിന്റെ യോഗ നടപടിക്രമം) ചട്ടം 7 പ്രകാരം ആവശ്യപ്പെട്ടതനുസരിച്ചാണ് മേയര്‍ നാളെ കൗണ്‍സില്‍ വിളിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമ പ്രകാരം കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുവാന്‍ മേയര്‍ക്കും, സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നുവെങ്കിലും രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ മേയര്‍ നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ ഹര്‍ജി അംഗീകരിച്ച്് മേയറുടേയും, സെക്രട്ടറിയുടേയും വാദങ്ങള്‍ തള്ളി സെപ്ഷ്യല്‍ കൗണ്‍സില്‍ വിളിക്കുവാന്‍ ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.
ഹൈക്കോടതി വിധി നിയമം ലംഘിക്കുന്ന എല്‍.ഡി.എഫ് ഭരണസമിതിക്കുള്ള താക്കീതാണെന്നും അദ്ദേഹം പറഞ്ഞു.
2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ കൗണ്‍സില്‍ അറിയാതെയാണ് സര്‍ക്കാരിന് അംഗീകാരത്തിന് കോര്‍പ്പറേഷനില്‍ നിന്ന് ഭരണനേതൃത്വം അയച്ചുകൊടുത്തത്. സ്വരാജ് റൗണ്ടിലെ പൈതൃക മേഖല ഒഴിവാക്കി. വ്യാപകമായി പാടം നികത്താന്‍ അനുമതി നല്‍കി. സോണുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഭൂമാഫിയക്കുവേണ്ടി കൗണ്‍സില്‍ തീരുമാനങ്ങളില്ലാതെ സര്‍ക്കാരിന് അയച്ചുകൊടുത്ത് അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെ സ്വാധീനിച്ച് കൗണ്‍സില്‍ അറിയാതെ പാസാക്കി എടുക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മാസ്റ്റര്‍ പ്ലാനാണ്് റദ്ദ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
കൗണ്‍സിലറിയാതെ അംഗീകരിച്ച മാസ്റ്റര്‍ പ്ലാനിന്റെ മറവില്‍ നല്‍കിയ കെട്ടിട നിര്‍മ്മാണ അനുമതികള്‍ റദ്ദ് ചെയ്യണമെന്നും, കൗണ്‍സില്‍ അറിയാതെ സര്‍ക്കാരിലേക്ക് മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയെടുക്കുന്നതിനു വേണ്ടി കൃത്രിമമായി രേഖകള്‍ അയച്ചുകൊടുത്ത ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നും പ്രതിപക്ഷനേതാവ് പല്ലന്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ രൂപീകരിച്ചു കൊണ്ടിരിക്കുന്ന അമൃതം സിറ്റി മാസ്റ്റര്‍പ്ലാനിലും ഭൂമാഫിയയുടെ ഇടപെടല്‍ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.