കൊച്ചി: കരുവന്നൂര് സഹകരണബാങ്ക് നിക്ഷേപത്തട്ടിപ്പ് കേസില് സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചു. ചോദ്യം ചെയ്യലിനിടെ ശരീരിക ബുദ്ധിമുട്ടുകള് പ്രകടിപ്പിച്ച കണ്ണനെ മൂന്ന് മണിക്കൂറിന് ശേഷം വിട്ടയച്ചു. ചോദ്യങ്ങളോട് സഹകരിക്കാതിരുന്ന കണ്ണനെ മറ്റ് വഴികളില്ലാത്തതിനാല് വിട്ടയച്ചതാണെന്ന് ഇ.ഡി വ്യക്തമാക്കി. സതീഷ്കുമാറിന്റെ കള്ളപ്പണയിടപാടില് കണ്ണന്റെ പങ്ക് സംബന്ധിച്ച് കൃത്യമായ തെളിവുകളുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.
ഇ..ഡിയുടെ ആരോപണം തള്ളിയ കണ്ണന് ചോദ്യം ചെയ്യല് സൗഹാര്ദപരമെന്ന് വ്യക്തമാക്കി. അന്വേഷണത്തോട് കണ്ണന്റെ നിസഹകരണം തുടര്ന്നാല് അറസ്റ്റിനൊരുങ്ങുകയാണ് ഇ.ഡി. ഇന്ന് പതിനൊന്ന് മണിയോടെയാണ് അഭിഭാഷകയോടൊപ്പം കണ്ണന് ഇ.ഡി ഓഫീസിലെത്തിയത്. പന്ത്രണ്ട് മണിയോടെ ചോദ്യം ചെയ്യല് തുടങ്ങി.
അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹം നിലനില്ക്കെ രാവിലെ തൃശൂര് രാമനിലയത്തില് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷമാണ് എം.കെ കണ്ണന് കൊച്ചിയിലെത്തിയത്. ബാങ്കുകളുടെ കണ്സോര്ഷ്യം സമാഹരിച്ച അന്പതു കോടി രൂപ കരുവന്നൂരില് എത്തിക്കാനുള്ള നിയമകുരുക്ക് മറികടക്കാന് ഇടപെടണമെന്നാവശ്യവുമായായിരുന്നു കൂടിക്കാഴ്ച.