കാതു കുളിര്‍ക്കെ പാണ്ടിയുടെ നാദാമൃതം , കണ്ണുനനയിച്ച് ഉപചാരം ചൊല്ലല്‍ പൂരങ്ങളുടെ പൂരത്തിന് പ്രൗഢമായ
പടിയിറക്കം
തൃശൂര്‍: ജനസാഗരങ്ങളെ സാക്ഷിയാക്കി വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് പ്രൗഢമായ പരിസമാപ്തി. അടുത്ത പൂരമായ ഏപ്രില്‍ 19ന്് കാണാമെന്ന് ഉപചാരം ചൊല്ലി തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ പിരിഞ്ഞതോടെ 36 മണിക്കൂര്‍ നീണ്ട് നിന്ന നാദവര്‍ണവിസ്മയമായ തൃശ്ശൂര്‍ പൂരത്തിന് പരിസമാപ്തിയായി. ഇനി അടുത്ത പൂരക്കാലത്തേക്കുള്ള കാത്തിരിപ്പാണ്. ഇന്നലെ മുതല്‍ സൂചി കുത്താനിടയില്ലാത്ത നിലയിലായിരുന്ന തെക്കന്‍ കാട് മൈതാനം ഇതോടെ ആളൊഴിഞ്ഞ പൂരപ്പറപ്പായി. തിരുവമ്പാടി ഭഗവതി തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസ്സിലേറി എഴുന്നള്ളിയപ്പോള്‍ പാറമേക്കാവ് ഭഗവതി എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറിയാണ് പൂരപ്പറമ്പിലെത്തിയത്.
വടക്കുംനാഥനെ കണ്ട് വണങ്ങിയ ശേഷം പടിഞ്ഞാറെ നടയിലൂടെയാണ് ചന്ദ്രശേഖരന്‍ ശ്രീമൂലസ്ഥാനത്തെത്തിയത്. ഇതേസമയം നടുവിലാല്‍ ഗണപതിയെ വലംവച്ച് ശിവകുമാറും ശ്രീമൂലസ്ഥാനത്തെത്തി. തുടര്‍ന്നാണ് തൃശൂര്‍ പൂരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായി ഉപചാരം ചൊല്ലി പിരിയല്‍. എറണാകുളം ശിവകുമാറും തിരുവമ്പാടി ചന്ദ്രശേഖരനും ഇരു ഭഗവതിമാര്‍ക്കുമായി തങ്ങളുടെ തുമ്പിക്കൈയുയര്‍ത്തി ഉപചാരം ചൊല്ലി ഇറങ്ങിയതോടെയാണ് പൂരാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചത്. തുടര്‍ന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ വെടിക്കെട്ട് നടത്തി.