Watch Video here
അക്വാ പ്രദര്‍ശനത്തിന് അവര്‍ ചോദിച്ച സമയം കൊടുത്തു, സമയം നീട്ടി നല്‍കാത്തത് മറ്റൊരു പരിപാടിയുള്ളതിനാലെന്നും മേയര്‍
വനിതാസംരംഭകയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, മന്ത്രി രാജീവും, എം.എല്‍.എ ബാലചന്ദ്രനും എം.എം.വര്‍ഗീസും ഇടപെട്ടെന്നും വര്‍ഗീസ് കണ്ടംകുളത്തി
പ്രദർശനത്തിന് തൃശൂർ കോർപ്പറേഷൻ സമയം നീട്ടി നൽകിയില്ലെങ്കിൽ 85 ലക്ഷം രൂപ ചെലവഴിച്ച് ഇപ്പോൾ നിർമ്മിച്ച പ്രദർശന വേദിയിൽ നിന്ന് പ്രതീക്ഷിച്ച പോലെ വരുമാനം ഉണ്ടാകില്ലെന്നും വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്നുമാണ് സംഘാടകർ പറയുന്നത്
തൃശൂര്‍: ശക്തന് മൈതാനത്ത് കോടികള്‍ മുടക്കി നടത്തുന്ന മെഗാ അക്വാപ്രദര്ശനം മേയറും, ഒരു കൗണ്‍സിലറും തടസ്സവാദങ്ങള്‍ ഉന്നയിച്ച് വൈകിപ്പിച്ചത് കാരണം ലക്ഷങ്ങള്‍ നഷ്ടമെന്ന് വനിതാസംരംഭകയായ പ്രോഗ്രാം ഡയറക്ടര്‍ ആര്‍ച്ച ഉണ്ണി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
നീല്‍ എന്റര്ടെയ്ന്മെന്റിന്റെ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം ‘മിറാകോളോ’ പ്രദര്‍ശനമാണ് കോര്‍പറേഷന്റെ തലപ്പത്തുള്ള രണ്ട് പേരുടെ കെടുകാര്യസ്ഥത മൂലം പ്രതിസന്ധിയിലായത് എന്നാണ് ആര്‍ച്ച ഉണ്ണി പറയുന്നത്. ഞായറാഴ്ച മുതൽ പ്രദർശനം ആരംഭിക്കും.
കോര്പറേഷന് നിശ്ചയിച്ച തുക നല്കി 45 ദിവസത്തേക്കായിരുന്നു അക്വപ്രദര്ശനത്തിന് ശക്തന് മൈതാനം ഏറ്റെടുത്തത്. മൈതാനം വൃത്തിയാക്കാത്തതിനാല്‍ പ്രദര്‍ശനത്തിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ 15 ദിവസം വൈകി. കോര്പറഷേനിലെ രണ്ട് പേരുടെ നിസ്സഹകരണം മൂലം പ്രദര്‍ശനം തുടങ്ങാന്‍ ഒരു മാസം വൈകി. നിര്‍മാണത്തിനായി മൈതാനം വൃത്തിയാക്കി നല്‍കേണ്ടത് കോര്‍പറേഷന്റെ ഉത്തരവാദിത്വമാണമെന്ന്് ആര്‍ച്ച ഉണ്ണി പറഞ്ഞു. സെപ്തംബര്‍ 3 മുതല്‍ മാത്രമാണ് പ്രദര്‍ശനം തുടങ്ങാന്‍ കഴിയുക. സെപ്തംബര്‍ 15 വരെ പ്രദര്‍ശനം നടത്താനാണ് അനുമതി.
ഇനി എട്ട് ദിവസം മാത്രമാണ് പ്രദര്‍ശനം നടത്താന്‍ കഴിയുക. എട്ട് ദിവസം മാത്രം പ്രദര്‍ശനം നടത്തിയാല്‍ തനിക്ക് ലക്ഷങ്ങളുടെ നഷ്ടം വരുമെന്നും, പതിനഞ്ച് ദിവസമെങ്കിലും നീട്ടി നല്കാന് ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ദിവസം പ്രദര്‍ശനം നടത്താന്‍ നീട്ടി നല്കാന് കഴിയില്ലെന്ന നിലപാടില്‍ മേയര്‍ ഉറച്ചു നില്‍ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. തടസ്സവാദങ്ങള്‍ ഉന്നയിച്ചതിന് തനിക്ക് കൃത്യമായ മറുപടിയോ, വിശദീകരണമോ മേയറുടെ ഭാഗത്തുനിന്ന് കിട്ടിയിട്ടില്ല. പ്രദര്‍ശനം വൈകിപ്പിച്ചതിന് ഉത്തരവാദികള്‍ മേയറും കൗണ്‍സിലറുമാണെന്ന് അവര്‍ പറഞ്ഞു. മേയറോ, തടസ്സം നിന്ന കൗണ്‍സിലറോ കൈക്കൂലി ചോദിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പറയാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപേക്ഷ കൊടുത്ത് വൈകുന്നേരം ഒരു കവറുമായി ചെന്ന് കണ്ടാല്‍ പ്രശ്നം തീരുമെന്ന് അറിയാം. പക്ഷെ കൈക്കൂലി കൊടുക്കാന്‍ തയ്യാറല്ലെന്നും, അവരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് അവര്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ച്ച ഉണ്ണി പറഞ്ഞു.
നീല്‍ എന്റര്ടെയ്ന്മെന്റിന്റെ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം ‘മിറാകോളോ’ പ്രദര്‍ശനം സെപ്തംബര്‍ 3 മുതല്‍ ആരംഭിക്കും. രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം. ആമസോണ്‍ കാടുകളില്‍ കണ്ടുവരുന്ന അരപൈമ, പിന്നോട്ട് സഞ്ചരിക്കുന്ന അബാബ, ചീങ്കണ്ണി രുപത്തിലുള്ള അലിഗേറ്റര്‍ എന്നിവ പ്രദര്‍ശനത്തില്‍ മുഖ്യ ആകര്‍ഷണമാകും. കുട്ടികള്‍ക്കായി സാന്‍ഡ് ആര്‍ട്ട്, ക്ലേ ആര്‍ട്ട് എന്നിവ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
അക്വാ പ്രദര്‍ശനത്തിന് അവര്‍ ചോദിച്ച സമയം കൊടുത്തു, സമയം നീട്ടി നല്‍കാത്തത് മറ്റൊരു പരിപാടിയുള്ളതിനാലെന്നും മേയര്‍
ശക്തന് മൈതാനത്ത് അക്വാ പ്രദര്‍ശനത്തിന് അവര്‍ ചോദിച്ച സമയം നല്‍കിയെന്ന് മേയര്‍ എം.കെ.വര്‍ഗീസ് ന്യൂസ്സ് കേരള ഡോട്ട് കോമിനോട് പറഞ്ഞു. സെപ്തംബര്‍ 18ന് കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഗീതസംവിധായകന് ഔസേപ്പച്ചനെ ആദരിക്കുന്ന കാതോട്് കാതോരം പരിപാടി ശക്തന് മൈതാനത്ത് നടത്തും. അതിനാല്‍ അക്വാ പ്രദര്‍ശനത്തിന് കൂടുതല്‍ ദിവസം നീട്ടി നല്കാന് കഴിയില്ല. കാതോട് കാതോരം പരിപാടിയുടെ തീയതിക്കാര്യത്തില് അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. വൈകുന്ന പക്ഷം അക്വാ പ്രദര്‍ശനത്തിന്റെ തീയതി നീട്ടി നല്‍കാമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. മൈതാനം വൃത്തിയാക്കി കൊടുക്കേണ്ടത് കോര്‍പറേഷന്റെ ബാധ്യതല്ലെന്നും അദ്ദേഹം പറഞ്ഞു കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് മേയര്‍ ഒഴിഞ്ഞുമാറി.
വനിതാസംരംഭകയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, മന്ത്രി രാജീവും, എം.എല്‍.എ ബാലചന്ദ്രനും എം.എം.വര്‍ഗീസും ഇടപെട്ടെന്നും വര്‍ഗീസ് കണ്ടംകുളത്തി
ശക്തന് മൈതാനത്ത് മെഗാ അക്വാ പ്രദര്‍ശനം വൈകിപ്പിക്കാന്‍ കോര്‍പറേഷനിലെ ചിലര്‍ ശ്രമിച്ചുവെന്ന വനിതാസംരംഭകയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് കോര്പറേഷന് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തി ന്യൂസ്സ് കേരള ഡോട്ട് കോമിനോട് പറഞ്ഞു. പ്രോഗ്രാം ഡയറക്ടര്‍ ആര്‍ച്ച ഉണ്ണി കഴിഞ്ഞ ദിവസം മാത്രമാണ് തന്നെ കണ്ടത്. അവരുടെ പ്രശ്നത്തില്‍ മന്ത്രി രാജീവും, എം.എല്‍.എ ബാലചന്ദ്രനും സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും ഇടപെട്ടിരുന്നു. നേരത്തേ വരാമായിരുന്നില്ലേ എന്ന് മാത്രമാണ് താന്‍ അവരോട് ചോദിച്ചത്. ദിവസം നീട്ടി നല്കുന്ന കാര്യത്തില്‍ തിടുക്കത്തി്ല് തീരുമാനം എടുക്കാന്‍ കഴിയില്ല. പ്രദര്‍ശനം തുടങ്ങാനും, കൂടുതല്‍ ദിവസം നീട്ടി നല്കുന്ന കാര്യം ആലോചിച്ച് അറിയിക്കാമെന്നും മാത്രമാണ് താന്‍ അവരെ അറിയിച്ചത്. മൈതാനം വൃത്തിയാനും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും 25 ദിവസം വേണമെന്ന് മുന്‍പൊന്നും പറഞ്ഞിട്ടില്ല. ശക്തന് മൈതാനത്ത് സെപ്തംബര്‍ 28ന് കാതോരം കാതോരം പരിപാടി നടത്താന്‍ ധാരണയായതിനാല്‍ സമയം നീട്ടി നല്കുന്ന കാര്യത്തില്‍ ഉറപ്പു നല്കാന് കഴിയില്ല. കാതോട് കാതോരം പരിപാടി വൈകുകയാണെങ്കില്‍ ദിവസം നീട്ടുന്ന കാര്യം അനുഭാവ പൂര്‍വം പരിഗണിക്കുമെന്നും കണ്ടംകുളത്തി പറഞ്ഞു.