തിരുവനന്തപുരം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. മത്സരിക്കണമെന്ന് എംപിമാര്‍ ആരും പരസ്യമായി പറഞ്ഞിട്ടില്ല. ആഗ്രഹമുള്ളവര്‍ ഉണ്ടാകാം. തിരഞ്ഞെടുപ്പ് സമിതിയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയാണ് തങ്ങളെല്ലാവരുടെയും ഉത്തരവാദിത്വം. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ചര്‍ച്ച ഉയര്‍ത്തിവിടുന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പരീക്ഷണശാലകളാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമാകും മാനദണ്ഡം. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സര്‍വേകള്‍ നടത്തിയിട്ടുണ്ട്. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അഭിപ്രായം തേടും. സിറ്റിംഗ് എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനം ആദ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



















