തൃശൂര്‍: തൃശൂര്‍ പൂരം ഇലഞ്ഞിത്തറമേളത്തിന് നടുനായകത്വം വഹിക്കുന്ന കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവില്‍ ദേശപ്പാന നടന്നു. ഭഗവതിയെ പാനപ്പന്തലില്‍ എഴുന്നള്ളിച്ചുവെയ്ക്കുന്ന കൊട്ടിച്ചകം പൂകല്‍ ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു കിഴക്കൂട്ടിന്റെ പ്രൗഡഗംഭീരമായ പാണ്ടിമേളം.
ഇലഞ്ഞിത്തറമേളത്തിന്റെ പ്രാമാണികന്‍ കിഴക്കൂട്ടിന്റെ മേളം കേള്‍ക്കാന്‍ വന്‍ജനത്തിരക്കായിരുന്നു. വൈകീട്ട് പാറമേക്കാവ് അഭിഷേകും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും, രാത്രി 9 മുതല്‍ പാനപൂജയും തുടര്‍ന്ന് ഇരുന്നു പാണ്ടി, പാല്‍കിണ്ടി എഴുന്നള്ളിപ്പ് മൂന്ന് പ്രദക്ഷിണം എന്നീ ചടങ്ങുകളും നടന്നു. രാത്രി 12 മുതല്‍ 1.30 വരെ തിരിയുഴിച്ചില്‍, കുറ്റിത്തുള്ളല്‍, കോമരത്തിന്റെ നൃത്തം അരിയേറ് കല്‍പന എന്നിവയുമുണ്ടായി.