തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമയിൽ നിന്ന് സ്ഥലം എസ്ഐ ആയിരുന്ന പി എം രതീഷ് പാലക്കാട് സ്വദേശിയായ കെ ബി ദിനേശിൻ്റെ വ്യാജ പരാതിയിൽ ജാമ്യമില്ല കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കാൻ അവസരമൊരുക്കി എന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഡിഐജി റാങ്കിലുള്ള ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ (സിഐഒ) അന്വേഷിക്കും. ചൊവ്വാഴ്ച തൃശൂർ രാമനിലയത്തിൽ നടന്ന ഹിയറിങ്ങിൽ കമ്മീഷൻ അംഗം വി കെ ബീനകുമാരി പരാതിക്കാരനായ വിവരാവകാശ പ്രവർത്തകൻ പി ബി സതീഷിൽ നിന്ന് തെളിവുകളും രേഖകളും ശേഖരിക്കുകയും കമ്മീഷന്റെ സിഐഒ പരാതിയിൽ ഉടൻ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ലാലീസ് ഹോട്ടലിലെ ജീവനക്കാരെ പീച്ചി പോലീസ് മർദ്ദിക്കുന്നത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കണമെന്ന് കമ്മീഷനോട് കഴിഞ്ഞവർഷം ജൂലൈയിൽ ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ കമ്മീഷൻ നടപടികൾ എടുത്തിട്ടില്ല എന്ന് ഹിയറിങ് വേളയിൽ പരാതിക്കാരൻ സതീഷ് കമ്മീഷനെ അറിയിച്ചു. 2020 ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം സിസിടിവി ക്യാമറകൾ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കേണ്ടതും പരാതി ലഭിക്കുന്ന പക്ഷം ദൃശ്യങ്ങൾ വരുത്തുവാനും സംരക്ഷിക്കുവാനും അന്വേഷണ ഏജൻസികൾക്ക് കൈമാറാനും മനുഷ്യാവകാശ കമ്മീഷൻ ചെയ്യേണ്ടതാണ് എന്നും പരാതിക്കാരൻ കമ്മീഷനെ ബോധ്യപ്പെടുത്തി.
24.05.2023 പണാപഹരണം നടന്നിട്ട് ഒരു വർഷം പിന്നിടാനിരിക്കെ അത്തരം ഒരു നടപടി കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നും പരാതിക്കാരൻ പറഞ്ഞു. അടിയന്തരമായി സിഐഒ വിഷയം അന്വേഷിക്കും എന്ന് ബീന കുമാരി പറഞ്ഞു.
ഈ പരാതിയിൽ കക്ഷി ചേരുവാനായി ഹോട്ടലുടമ കെ പി ഔസേപ്പും കമ്മീഷന് അപേക്ഷ നൽകി. കേസ് സംബന്ധിച്ച 25 രേഖകൾ അദ്ദേഹം കമ്മീഷന് കൈമാറി. 24.05.2023 ന് ഹോട്ടലില്‍ എത്തിയ പാലക്കാട് സ്വദേശിയായ ദിനേശ് ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞപ്പോള്‍ ഹോട്ടല്‍ ഉടമയുടെ മകനും മറ്റു ജീവനക്കാരും ബിരിയാണി വായില്‍ കുത്തി നിറച്ച് ദിനേശിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന വ്യാജ പരാതി അന്നേദിവസം തന്നെ പീച്ചി സ്റ്റേഷനില്‍ നല്‍കിയിരുന്നു. എന്നാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിച്ച് പരാതിയുടെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കാതെ എസ് ഐ രതീഷ് മൂന്ന് ഹോട്ടല്‍ ജീവനക്കാരെയും ഹോട്ടലുടമയുടെ മകനെയും രണ്ടുമണിക്കൂര്‍ ലോക്കപ്പില്‍ ഇട്ടതും രണ്ടു ജീവനക്കാരുടെ മുഖത്തടിച്ചതും ജാമ്യമില്ലാ വകുപ്പ് അവര്‍ക്കെതിരെ എടുക്കും എന്ന നിലപാട് സ്വീകരിച്ചതും പണം അപഹരിക്കാന്‍ സഹായകരമായി എന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍.
ദിനേശിന് 5 ലക്ഷം രൂപ ഹോട്ടലുടമ സംഭവദിവസം തന്നെ കൈമാറിയ ശേഷം അയാള്‍ പരാതി പിന്‍വലിക്കുകയായിരുന്നു. ദിനേശിന് ഉടന്‍ തന്നെ കാറില്‍ രക്ഷപ്പെടാനുള്ള സഹായം എസ് ഐ ഒരുക്കി എന്നും ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ പറയുന്നു. ഈ പരാതിയിൽ ദിനേശിനെതിരെ പീച്ചി പോലീസ് കേസെടുത്തെങ്കിലും എസ് ഐ ഉൾപ്പെടെ സ്റ്റേഷൻ പിആർഒ ജയേഷ്, മഹേഷ്, യൂസഫ് എന്നീ പോലീസുകാർക്കും പങ്കുണ്ടെന്ന് ഹോട്ടൽ ഉടമ കമ്മീഷന് രേഖ മൂലം പരാതി നൽകി. ഇവരെ കൂടി കേസിൽ പ്രതി ചേർക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വകുപ്പുതല അന്വേഷണത്തിൽ എസ്ഐ ആയിരുന്ന രതീഷിനെതിരെ ശക്തമായ റിപ്പോർട്ട് ലഭിച്ചിട്ടും അദ്ദേഹത്തിന് സി ഐ ആയി പ്രമോഷൻ ലഭിച്ച വിവരവും ഹിയറിങ്ങിൽ പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. നിലവിൽ കേസിലെ ഏക പ്രതിയായ ദിനേശിനെ സംഭവം നടന്ന ശേഷം പീച്ചി പോലീസ് അറസ്റ്റ് ചെയ്തെങ്കിലും മൂന്നു ദിവസങ്ങൾക്ക് ശേഷം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. തൊണ്ടിമുതലായ 5 ലക്ഷം ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.