രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് മീഡിയവൺ ചാനലിന് എതിരെയുള്ള ഇൻറലിജൻസ് റിപ്പോർട്ടുകൾ എന്താണെന്ന് അറിയുവാൻ ഹർജിക്കാരായ ചാനൽ അധികൃതർക്ക് അവകാശമുണ്ട് എന്ന് സുപ്രീം കോടതി പറഞ്ഞു
കൊച്ചി: രാജ്യസുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയ വൺ ചാനലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലൈസൻസ് പുതുക്കി നൽക്കാതെ സംരക്ഷണം അവസാനിപ്പിക്കേണ്ടി വന്ന കേസിൽ ഇനിയൊരു വിധി ഉണ്ടാകും വരെ ചാനലിന് സംപ്രേക്ഷണം നടത്താമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല വിധി. മീഡിയവൺ ചാനലിന് ലൈസൻസ് പുതുക്കി നൽകാൻ വിസമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്ന രാജ സുരക്ഷ സംബന്ധിച്ച് കാര്യങ്ങൾ എന്തെന്ന് ഹർജിക്കാരായ മീഡിയ വൺ ചാനലിനെ ബോധ്യപ്പെടേണ്ടതുണ്ടെന്നും മുദ്രവച്ച കവറിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ കോടതിക്ക് മാത്രം സമർപ്പിക്കുന്ന രീതി അംഗീകരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂട് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
മുദ്രവച്ച കവറുകൾ ചേംബറിൽ കൊണ്ട് പോയി പരിശോധിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്. കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും മീഡിയവണിന്റെ ഹർജികൾ മുൻപ് തള്ളിയിരുന്നു. എന്നാൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് മീഡിയവൺ ചാനലിന് എതിരെയുള്ള ഇൻറലിജൻസ് റിപ്പോർട്ടുകൾ എന്താണെന്ന് അറിയുവാൻ ഹർജിക്കാരായ ചാനൽ അധികൃതർക്ക് അവകാശമുണ്ട് എന്ന് സുപ്രീം കോടതി പറഞ്ഞു.
ചാനലിന്റെ അഭിഭാഷകർക്ക് അത് പരിശോധിക്കുവാനുള്ള സാഹചര്യമാണ് ഈ വിധിയിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്.ഈ മാസം 26 ന് മുൻപ് കേസിൽ കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇപ്പോൾ യൂട്യൂബ് ചാനലായി മാത്രം പ്രവർത്തിക്കുന്ന മീഡിയ വണിന് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ സാറ്റലൈറ്റ് ചാനലായി പ്രവർത്തിക്കാം.കെ.യു.ഡബ്ല്യുജെയും ചാനൽ പ്രവർത്തകരും ചാനൽ അധികൃതരോടൊപ്പം സുപ്രീം കോടതിയിൽ കേസിൽ കക്ഷിചേർന്നിരുന്നു.