തൃശൂര്‍: ഫാ.ഡേവിസ് ചിറമ്മലുമായി സഹകരിച്ച് വൈറ്റല്‍ ജോബ്സ്. ഇന്‍ എന്ന സ്ഥാപനം നടത്താന്‍ നിശ്ചയിച്ച മെഗാതൊഴില്‍ മേള എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. സി.എം.എസ് സ്‌കൂളില്‍ നടത്താനിരുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ രാവിലെ മുതല്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ എത്തിയിരുന്നു. മേള റദ്ദാക്കിയതോടെ ദൂരദിക്കുകളില്‍ നിന്നു പോലും എത്തിയ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് നിരാശരായി മടങ്ങിയത്.
സ്വദേശത്തും, വിദേശത്തുമുള്ള കമ്പനികള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കുന്നതിനായിരുന്നു മെഗാതൊഴില്‍ മേള നടത്താന്‍ തിരുമാനിച്ചത്.
പതിനായിരത്തോളം പേരായിരുന്നു വൈറ്റല്‍ ജോബ്സ്. ഇന്‍ എന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. രജിസ്‌ട്രേഷന് 99 രൂപയായിരുന്നു ഈടാക്കിയിരുന്നത്.
വിദേശത്തേക്ക് ആളുകളെ ജോലിക്കായി തിരഞ്ഞെടുക്കുവാന്‍ തൊഴില്‍മേള സംഘടിപ്പിച്ചവര്‍ക്ക് റിക്രൂട്ട്മെന്റ് ലൈസന്‍സ് ഇല്ലെന്ന് എമിഗ്രേഷന്‍ വിഭാഗം
കണ്ടെത്തി. തുടര്‍ന്ന് സിറ്റി പോലീസ്് കമ്മീഷണറുടെ നിര്‍ദേശപ്രകാരം
ഈസ്റ്റ് പോലീസ് തൊഴില്‍മേള നടത്തരുതെന്ന്് കഴിഞ്ഞ ദിവസം തന്നെ നോട്ടീസ് നല്‍കിയിരുന്നു. ഇന്നലെ തന്നെ തൊഴില്‍മേള മാറ്റിവെച്ചതായി മാധ്യമങ്ങളെ അറിയിച്ചിരുന്നുവെന്ന്്് വൈറ്റല്‍ ജോബ്സ്. ഇന്‍ ഉടമസ്ഥന്‍ ഫ്രിനോജ് കെ. ഫ്രാന്‍സിസ് പറഞ്ഞു. ദൂരസ്ഥലങ്ങളില്‍ നിന്ന് എത്തേണ്ടവര്‍ തലേദിവസം തന്നെ നഗരത്തില്‍ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയല്ലെന്നും 99 രൂപ മുടക്കി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മൂന്നുമാസം വരെ വിവിധ തൊഴിലുകള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൈറ്റിലൂടെ അപേക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
.തങ്ങള്‍ റിക്രൂട്ട്മെന്റ് ഏജന്‍സി അല്ല എന്ന കാര്യം പോലീസിനെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചെങ്കിലും ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ നിര്‍ദ്ദേശം അവഗണിക്കാന്‍ സാധിക്കില്ലെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചതോടെയാണ് തൊഴില്‍മേള റദ്ദാക്കിയത്.
ജോലി ദാതാക്കളില്‍ നിന്ന് പണം തങ്ങള്‍ വാങ്ങുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികളെയും തൊഴില്‍ ദാതാക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മാത്രമാണ് തന്റേതെന്നും ഫ്രിനോജ് പറയുന്നു.
ലഭ്യമായ തൊഴിലവസരങ്ങളില്‍ രണ്ട് ശതമാനം മാത്രമാണ് വിദേശത്തുള്ള തൊഴിലവസരങ്ങളെന്നും ഫ്രിനോജ് പറഞ്ഞു.
നാലുവര്‍ഷമായി ഈ ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട് എന്നും 5000 ത്തോളം ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍മേളയ്ക്ക് റിക്രൂട്ട്മെന്റ് ഏജന്‍സി എന്നതിനുള്ള ലൈസന്‍സ് വേണ്ട എന്നാണ് നിയമപദേശം ലഭിച്ചിരുന്നത് ഇനി അത് ആവശ്യമാണെങ്കില്‍ എടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 19ന് ജീവകാരുണ്യ പ്രവര്‍ത്തകനായ ഫാ. ഡേവിസ് ചിറമേല്‍ തൊഴില്‍മേളയെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ്
ചെയ്തതോടെയാണ് നൂറുകണക്കിന് പേര്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയത്.