തൃശൂര്‍: വയനാട് ദുരന്തത്തില്‍ അനുശോചിച്ച് ജില്ലയിലെ ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കോര്‍പറേഷന്റെ തീരുമാനത്തില്‍ വ്യക്തത വേണമെന്ന് പാട്ടുരായ്ക്കലില്‍ ചേര്‍ന്ന പുലിക്കളി സംഘങ്ങളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു.
ഓണാഘോഷത്തോടനുബന്ധിച്ച് നാലോണനാളില്‍ നഗരത്തില്‍ നടത്തുന്ന പുലിക്കളി ഉത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയാണിപ്പോള്‍. സംഘാടകസമിതി രൂപീകരിച്ചു. രജിസ്ട്രേഷന് പൂര്‍ത്തിയാക്കി. പല സമിതികളും ഫ്്ളക്സുകളും നോട്ടീസും ഇറക്കി.
പുലിക്കളി നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘാടകസമിതിയുടെ നിലപാട് ചോദിക്കുകയോ, യോഗം വിളിക്കുകയോ ചെയ്്തിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ പേരിലാണ് പുലിക്കളിയടക്കം ഉപേക്ഷിച്ചത്. സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത വരുത്തുകയോ, പുലിക്കളി ഉപേക്ഷിച്ചത് പുന: പരിശോധിക്കുകയോ വേണമെന്നും യോഗം കോര്പറേഷന് അധികൃതരോട് ആവശ്യപ്പെട്ടു.
മുന്നൊരുക്കങ്ങള്‍ നടത്തിയത് മൂലം മുഴുവന്‍ സംഘങ്ങളും നിലവില്‍ വന്‍ സാമ്പത്തിക ബാധ്യതയിലാണ്. ഈ സാഹചര്യത്തില്‍ സംഘങ്ങളുടെ അഭിപ്രായം അറിയുന്നതിന് യോഗം വിളിക്കണമെന്നും സംഘങ്ങളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു.
കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത വിയ്യൂരിലെ യുവജന സംഘം, വിയ്യൂര്‍ ദേശം പുലികളി സംഘം,ശങ്കരംകുളങ്ങര ദേശം പുലികളി ആഘോഷ കമ്മിറ്റി, കാനാട്ടുകര ദേശം പുലികളി, ചക്കാമുക്ക് ദേശം പുലികളി, ശക്തന് പുലികളി സംഘം, പൂങ്കുന്നം സീതാറാം മില്‍ ദേശം പുലികളി സംഘാടക സമിതി, പാട്ടുരായ്ക്കല്‍ ദേശം കലാകായിക സാംസ്കാരിക സമിതി, അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതി എന്നിവയുടെ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.