തൃശൂര്‍: പൂരത്തലേന്ന് തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് തൃശൂര്‍ പൂരം വിളംബരം ചെയ്യുന്നതിനുള്ള നിയോഗം ഇത്തവണയും എറണാകുളം ശിവകുമാറിന്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പനാണ് എറണാകുളം ശിവകുമാര്‍. 2019 വരെ തുടര്‍ച്ചയായി ആറ് വര്‍ഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിുരുന്നു തെക്കേഗോപുരവാതില്‍ തള്ളിത്തുറന്ന് തൃശൂര്‍ പൂരം വിളംബരം ചെയ്്തത്. തേക്കിന്‍കാട് മൈതാനത്ത് കൊക്കരണി പറമ്പില്‍ എറണാകുളം ശിവകുമാറിനെ വെറ്ററിനറി സര്‍ജന്‍ ഡോ.പി.ബി.ഗിരിദാസിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഫിറ്റ്‌നസ് പരിശോധന. കേരളത്തിലെ ഗജകേസരികളില്‍ ലക്ഷണമൊത്ത കൊമ്പനായ ശിവകുമാര്‍ ശാന്തസ്വഭാവിയാണ്.
പൂരത്തലേന്ന് രാവിലെ എട്ടു മണിയോടെ നാഗസ്വരത്തിന്റെ അകമ്പടിയോടെ കുറ്റൂരില്‍ നിന്ന് പുറപ്പെടുന്ന നെയ്തലക്കാവില്ലമ്മ ഷൊര്‍ണൂര്‍ റോഡ് വഴി സ്വരാജ് റൗണ്ടില്‍ പ്രവേശിച്ച് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ വടക്കുന്നാഥനില്‍ എത്തും. വടക്കുന്നാഥനെ വലംവെച്ച ശേഷം തെക്കേഗോപുരവാതിലിന് സമീപം എത്തും. തുടര്‍ന്ന് അനുമതിയോടെ ഗോപുരവാതില്‍ പൂരത്തിനായി തുറന്നിടും. തുടര്‍ന്ന് റൗണ്ടിലേക്ക് ഇറങ്ങി തിരുവമ്പാടി ക്ഷേത്രത്തിലെത്തുന്ന നെയ്തലക്കാവിലമ്മ ആനപ്പുറത്ത് നിന്ന് ഇറങ്ങാതെ തന്നെ സേവ സ്വീകരിച്ച്് തിരുവമ്പാടി ഭഗവതിയെ വണങ്ങി വിയ്യൂര്‍ മൂത്തേടത്ത് മനയില്‍ ഇറക്കിപ്പൂജ നടത്തി കുറ്റൂര്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും.