തൃശൂര്‍: തട്ടകത്തുകാരുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ വിശ്വവിഖ്യാതമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിലും പാറമേക്കാവിലും ആചാരപ്പെരുമയുടെ നിറവില്‍ കൊടിയേറ്റച്ചടങ്ങുകള്‍ നടന്നു. വിവിധ സമയങ്ങളില്‍ എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.
തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30 നും 11.30 നും ഇടയിലായിരുന്നു കൊടിയേറിയത്. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ ആശാരി ഗൃഹത്തില്‍ സുന്ദരന്‍, സുഷിത്ത്് എന്നിവര്‍ അടയ്ക്കാമരം ചെത്തി മിനുക്കി കൊടിമരം നിര്‍മ്മിച്ച ശേഷം കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടത്തി. തുടര്‍ന്ന് ശ്രീകോവിലില്‍ നിന്ന്് പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ആര്‍പ്പുവിളികളോടെ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറ ഉയര്‍ത്തി.
ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവമ്പാടിയില്‍ നിന്ന് പൂരപ്പുറപ്പാട് തുടങ്ങും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ തിടമ്പേറ്റും.
എഴുന്നള്ളിപ്പ് മൂന്നരയോടെ നായ്ക്കനാലില്‍ എത്തും. തുടര്‍ന്ന്് നായ്ക്കനാലിലും, നടുവിലാലിലും പൂരപ്പതാകകള്‍ ഉയര്‍ത്തും. ഭഗവാന്‍ കൃഷ്ണന്റെയും, ശ്രീഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീലയും മഞ്ഞയും നിറത്തിലുള്ള തുന്നിയ കൊടികളാണ് ഉയര്‍ത്തുക. അപ്പോള്‍ ആചാരവെടികള്‍ മുഴങ്ങു
ശ്രീമൂലസ്ഥാനത്ത്് മേളം കൊട്ടികലാശിക്കും. തുടര്‍ന്ന് നടുവില്‍മഠത്തില്‍ ആറാട്ട്. ആറാട്ടിന് ശേഷം ഭഗവതി തിരുവമ്പാടി ക്ഷേത്രത്തില്‍ തിരിച്ചെത്തും.
രാവിലെ 11.30നും 12നും ഇടയില്‍ പാറമേക്കാവിന്റെ കൊടിയേറി. ചെമ്പില്‍ കുട്ടനാശാരി നിര്‍മ്മിച്ച കവുങ്ങിന്‍ കൊടിമരം ആല്, മാവ് എന്നിവയുടെ ഇലകളും ദര്‍ഭപ്പുല്ല് എന്നിവ കൊണ്ടും അലങ്കരിച്ചിരുന്നു. ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിമരം ഉയര്‍ത്തിയത്. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തി. കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും, മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികള്‍ ഉയര്‍ത്തി.
പാറമേക്കാവ് കാശിനാഥന്‍ തിടമ്പേറ്റി. തുടര്‍ന്ന് അഞ്ച് ആനകളുടെ നേതൃത്വത്തില്‍ പുറത്തേക്ക് എഴുന്നള്ളി. തുടര്‍ന്ന് വടക്കുന്നാഥക്ഷേത്ര കൊക്കര്‍ണിയില്‍ ആറാട്ട് നടത്തും.
ലാലൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും. 30 നാണ് പൂരം.