തൃശൂര്‍: തൃശൂരില്‍ ഇന്ന് പൂരത്തിന് തുടക്കമിട്ട് ചെറുപൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങി മടങ്ങി. മേടവെയിലിന് മുന്നേ ഘടകപൂരങ്ങളില്‍ ആദ്യത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ തേക്കിന്‍കാടെത്തിയ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനില്‍ പ്രവേശിച്ച് മടങ്ങി. പിന്നാലെ പനമുക്കം പിള്ളി ശാസ്താവ്, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കാട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ഭഗവതിമാരും വടക്കുന്നാഥനിലെത്തി. ഏഴരയ്ക്ക് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ക്ഷേത്രത്തില്‍ നിന്ന്് തുടങ്ങിയതോടെ നഗരം ജനസാഗരമായി.
പതിനൊന്നരയോടെ നടുവില്‍ മഠത്തില്‍ കോങ്ങാട് മധുവിന്റൈ പ്രമാണത്തില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം തുടങ്ങി.. 12.15 ന് പാറമേക്കാവിലമ്മ എഴുന്നള്ളി. കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടര്‍ന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും.
ആഹ്ലാദാരവങ്ങള്‍ക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരിയില്‍
കുറ്റൂര്‍ നെയ്തിലക്കാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരിയിലേക്കെത്തി. ആയിരങ്ങളാണ് ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ വഴിനീളെ കാത്തുനിന്നത്.