തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന് തറവാടക കൂട്ടിയതില്‍ പ്രതിഷേധം ശക്തമായതോടെ സമവായശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു. റവന്യൂമന്ത്രി കെ.രാജനും, മുന്‍മന്ത്രി വി.എസ്.സുനില്‍കുമാറും തൃശൂര്‍ പൂരം സംഘാടകരുമായി ചര്‍ച്ച നടത്തിയേക്കും.
മിക്കവാറും ഞായറാഴ്ച ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാളെ നവകേരളസദസ് സമാപിക്കുന്നതോടെ മന്ത്രിമാരുടെ തിരക്ക് തീരും. ഇക്കുറി തൃശൂര്‍ പൂരം നേരത്തെയാണ്. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. തറവാടക വിവാദത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ഇക്കാര്യം സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ പ്രതികരണം എരിതീയില്‍ എണ്ണയൊഴിച്ചതുപോലെയായെന്ന ആക്ഷേപം ഇടതുപക്ഷത്തെ പല നേതാക്കള്‍ക്കുണ്ട്. കോടതി ഇടപെടലിന്റെ പേര് പറഞ്ഞ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ദേവസ്വം പ്രസിഡണ്ട് ശ്രമിച്ചതെന്ന ആരോപണം ശക്തമാണ്.
ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, ഡോ.ആര്‍.ബിന്ദു, കെ.രാജന്‍ എന്നിവര്‍ തറവാടക കൂട്ടിയ വിഷയത്തില്‍ തര്‍ക്കം വേഗം രമ്യമായി തീര്‍ക്കണമെന്ന നിലപാടിലാണെന്നറിയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൂരം വിവാദം കത്തിനില്‍ക്കുന്നത് സര്‍ക്കാരിനും, ഇടതുമുന്നണിക്കും ദോഷം ചെയ്യും. തൃശൂര്‍ മണ്ഡലത്തില്‍ സി.പി.ഐയുടെ സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുക. പൂരം വിഷയത്തില്‍ വ്യാപകമായ പ്രക്ഷോഭത്തിന് യു.ഡി.എഫും, ബി.ജെ.പിയും തയ്യാറെടുക്കുകയാണ്. കോണ്‍ഗ്രസ് സമരം തുടങ്ങിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ബി.ജെ.പിയും ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങും. ജനുവരി 2ന് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നുണ്ട്. മോദി പൂരം വിഷയത്തില്‍ പ്രതികരിച്ചാല്‍ അത് സംസ്ഥാന സര്‍ക്കാരിന് ക്ഷീണമാകും.
മുന്‍പ് തൃശൂര്‍ പൂരം നടത്തിപ്പില്‍ മന്ത്രി °യായിരിക്കേ വി.എസ്.സുനില്‍കുമാര്‍ നടത്തിയ സജീവമായ ഇടപെടലുകള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പൂരക്കാലത്ത് സുനില്‍കുമാര്‍ സംഘാടകര്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ഇക്കുറി എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി മിക്കവാറും സുനില്‍കുമാറായിരിക്കും. പൂരം വിവാദം അനിശ്ചിതത്വമായി നീളുന്നതില്‍ കൂടുതല്‍ ആശങ്ക സി.പി.ഐയ്ക്കാണ്.