തൃശൂര്‍: ഇത്തവണ തൃശൂര്‍ പൂരം ഭംഗിയായി നടത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച എന്റെ കേരളം മെഗാപ്രദര്‍ശന വിപണന മേളയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പൂരത്തിന് കോവിഡ് നിയന്ത്രങ്ങള്‍ ഉണ്ടാകില്ല. എങ്കിലും ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂരം പൂര്‍വാധികം ഭംഗിയായി നടത്തും. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കും. എന്നാല്‍ മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മേയ് 10നാണ് തൃശൂര്‍ പൂരം. തര്‍ക്കങ്ങളും പ്രതിസന്ധികളും ഒഴിവാക്കി പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. തേക്കിന്‍കാട് മൈതാനത്തെ ബാരിക്കേഡ് നിര്‍മ്മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ദേവസ്വങ്ങള്‍ക്കു മേല്‍ അധിക ബാധ്യത വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ് ഈ പ്രദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. എല്ലാം സുതാര്യമെന്നും അദ്ദേഹം പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങളുടെ ആവശ്യകത പുതലമുറക്ക് ബോധ്യപ്പെടണം. അറിവിനെ സമ്പത്താക്കാന്‍ കഴിയുന്ന വൈജ്ഞാനിക സമൂഹം കേരളത്തിലുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങളും, ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഭരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിച്ചു.