#WatchNKVideo here
തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആര്‍പ്പോ വിളികള്‍ മുഴങ്ങി. വിശ്വവിഖ്യാതമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. ആളും, ആരവങ്ങളും നിറഞ്ഞ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ദേശക്കാരാണ് കൊടിയേറ്റിയത്. പാറമേക്കാവില്‍ പത്തേകാലോടെ കൊടിയേറ്റച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. രാവിലെ ഒന്‍പതര മണിയോടെ വലിയ പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിയ പാറമേക്കാവിലമ്മയെ സാക്ഷിയാക്കിയായിരുന്നു ആരവങ്ങളോടെ പൂരക്കൊടി ദേശക്കാര്‍ ഉയര്‍ത്തിയത്. പാറമേക്കാവ് പദ്മനാഭന്‍ തിടമ്പേറ്റി. അഞ്ച് കൊമ്പന്‍മാരുടെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്. കൊടിയേറ്റിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും, മണികണ്ഠനാലിലെ പന്തലിലും മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും. വടക്കുന്നാഥ ക്ഷേത്രത്തില്‍ കൊക്കരണിയില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഭഗവതിക്ക് ആറാട്ടും നടത്തും.
തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.40 ഓടെ പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ ചേര്‍ന്ന് കൊടിമരത്തില്‍ ചാര്‍ത്തി. തുടര്‍ന്ന്് ആര്‍പ്പൂവിളികളോടെ ഉപചാരപൂര്‍വം കൊടിമരം നാട്ടി. എഴുന്നള്ളിപ്പിന് തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റി. ഉച്ചതിരിഞ്ഞ് എഴുന്നള്ളിപ്പ് നായ്ക്കനാലില്‍ എത്തുമ്പോള്‍ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും. ശ്രീകൃഷ്ണന്റെയും, ഭഗവതിയുടെയും സാന്നിധ്യം സങ്കല്‍പ്പിച്ച് മഞ്ഞയും നീലയും നിറത്തിലുള്ള കൊടികളാണ് നാട്ടുക. ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ മേളം കലാശിച്ചാല്‍ നടുവില്‍ മഠത്തിലാണ് ആറാട്ട് നടക്കുക. വൈകീട്ട് അഞ്ച് മണിയോടെ ഭഗവതി തിരുവമ്പാടി ക്ഷേത്രത്തില്‍ തിരിച്ചെത്തും.
എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും. ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലും, അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലും രാവിലെ പൂരത്തിന് കൊടിയേറി. ലാലൂരില്‍ രാവിലെ എട്ടിനായിരുന്നു കൊടിയേറ്റം. മറ്റ് ആറ് ഘടക ക്ഷേത്രങ്ങളില്‍ വൈകീട്ടാണ് കൊടിയേറ്റച്ചടങ്ങുകള്‍ നടക്കുക. കിഴക്കുംപാട്ടുകര പനമുക്കുംപിള്ളി ക്ഷേത്രം, കണിമംഗലം ധര്‍മ്മശാസ്താ ക്ഷേത്രം, ചൂരക്കോട്ടുകാവ് ദുര്‍ഗാക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചിയ്യാരം പൂക്കാട്ടി്ക്കര കാരമുക്ക് ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രം എന്നിവയാണ് മറ്റ് ഘടക ക്ഷേത്രങ്ങള്‍