തൃശൂര്‍: മഴ മൂലം തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു.കാലാവസ്ഥ അനുകൂലമായ ശേഷം മാത്രമായിരിക്കും ഇനി വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് ദേവസ്വം അധികൃതരും ജില്ലാ ഭരണകൂടവും അറിയിച്ചു. മെയ് 11ന് പുലര്‍ച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിവെച്ചത്. പിന്നീട് അടുത്ത ദിവസം നടത്താന്‍ ശ്രമിച്ചെങ്കിലും മഴ തുടര്‍ന്നതിനാല്‍ ശനിയാഴ്ചത്തേക്ക് മറ്റിവയ്ക്കുകയായിരുന്നു.
തേക്കിന്‍കാട് മൈതാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ ഐ.പി.എസ് നിര്‍ദേശം നല്‍കി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് പാര്‍ക്കിംഗ് നിയന്ത്രിക്കും.
പാറമേക്കാവ്, തിരുവനമ്പാടി വിഭാഗങ്ങളുടെ വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളില്‍ (മാഗസിന്‍) 24 മണിക്കൂറും പോലീസ് കാവല്‍ ഏര്‍പ്പെടുത്തും. ഇന്നലെ തിരുവമ്പാടിയുടെ വെടിക്കോപ്പ് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന് സമീപം പടക്കം പൊട്ടിച്ച മൂന്ന് പേര്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയത്.