തൃശൂർ: ശമ്പള വർദ്ധനവും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ തൃശ്ശൂരിൽ ആരംഭിച്ച 72 മണിക്കൂർ സമ്പൂർണ്ണ പണിമുടക്ക് സമരം വിജയിച്ചു. 30 ആശുപത്രികളും ശമ്പള വർദ്ധനവ് നടപ്പാക്കുമെന്ന് യു.എൻ. എ നേതാവ് ജാസ്മിൻ ഷാ പറഞ്ഞു. സമരത്തിന്റെ ആദ്യ ദിനമായിരുന്ന ചൊവ്വാഴ്ച തന്നെ എലൈറ്റ് മിഷൻ ആശുപത്രി ഒഴിച്ച് എല്ലാ ആശുപത്രികളും സമരം പിൻവലിക്കാൻ യു.എൻ.എ മുന്നോട്ടുവച്ചിരുന്ന ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. ബുധനാഴ്ച രാവിലെ എലൈറ്റ് ആശുപത്രിയും ആവശ്യങ്ങൾ അംഗീകരിച്ചതായി ഷാ പറഞ്ഞു. അതോടെ ആഹ്ലാദപ്രകടനത്തോടെ തൃശ്ശൂർ കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന പ്രതിഷേധം ഇന്ന് അവസാനിക്കും. മറ്റു ജില്ലകളിലും ഇത്തരം ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ഊർജ്ജം ഈ സമരത്തിൽ നിന്ന് ലഭിക്കുമെന്നും ഷാ പറഞ്ഞു.