Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നഗരത്തിന് ആഘോഷമായി വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റ്

സത്യന്‍ അന്തിക്കാടിന്റെ അടുത്ത സിനിമയില്‍ വടക്കേച്ചിറയും, സാംസ്‌കാരികത്തെരുവും ചിത്രീകരിക്കണമെന്ന് മന്ത്രി രാജന്‍

തൃശൂര്‍: കലയുടെയും, സാഹിത്യത്തിന്റെയും കേന്ദ്രമാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടു. വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അടുത്ത ചിത്രത്തില്‍ വടക്കേച്ചിറയും, സാംസ്‌കാരികത്തെരുവും ഉള്‍പ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായ സത്യന്‍ അന്തിക്കാടിന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.വടക്കേച്ചിറയെയും പരിസര പ്രദേശങ്ങളെയും സാംസ്‌ക്കാരിക ഉത്സവത്തിന്റെ സ്ഥിരം വേദിയാക്കുകയാണ് ലക്ഷ്യം. ലോകത്തിന്റെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കലയുടെയും സംസ്‌ക്കാരത്തിന്റെയും കേന്ദ്രമാണ് തൃശൂര്‍. അതിന്റെ സാംസ്‌ക്കാരിക തനിമയും പാരമ്പര്യവും പുതിയ കാലത്തിലേക്കും തലമുറകളിലേക്കും പകര്‍ന്നു നല്‍കുന്നതിനുള്ള വേദിയായി വടക്കേച്ചിറയെ മാറ്റിയെടുക്കാന് ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.വടക്കേച്ചിറ ഫെസ്റ്റിന്റെ ഭാഗമായുള്ള പ്രദര്‍ശന വിപണന മേളകള്‍ ഉള്‍പ്പെടെയുള്ളവ ആഴ്ച തോറും നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരുക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. തൃശൂരിലെ വിവിധ സാംസ്‌കാരിക, കലാ പരിപാടികള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി ഒരു സാംസ്‌ക്കാരിക കലണ്ടര്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

ആഴ്ചയിലൊരു ദിവസം വടക്കേച്ചിറ കേന്ദ്രമായി നടക്കുന്ന കലാവതരണങ്ങളുടെയും കരകൗശല വസ്തുക്കള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പനയുമാണ് സാംസ്‌കാരികത്തെരുവില്‍ നടക്കുക.വടക്കേച്ചിറ മുതല്‍ ആരംഭിച്ച് സാഹിത്യ അക്കാദമിയുടെ മുന്‍വശത്തുകൂടെ രാമനിലയം വഴി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന വിധത്തില്‍  സാംസ്‌ക്കാരികത്തെരുവ് സംഘടിപ്പിക്കും.കലയുടെയും സംസ്‌കാരത്തിന്റെയും വിപണി സാധ്യത കൂടി തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്താനുള്ള അവസരമാണ് വടക്കേച്ചിറയിലൂടെ കൈവന്നിരിക്കുന്നതെന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് പറഞ്ഞു. കലയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഏറ്റവും സാധാരണക്കാരായ ആളുകളിലേക്ക് എത്തിക്കുന്നതിന് വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റിവല്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീഖ്, അസി. കലക്ടര്‍ വി എം ജയകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ എ വി വല്ലഭന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ലതാ ചന്ദ്രന്‍, കെ വി സജു, വി എസ് പ്രിന്‍സ്, ജെനീഷ് പി ജോസ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി തൃശൂര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തെക്കേ ഗോപുരനട പരിസരത്ത് നിന്ന് ആരംഭിച്ച് വടക്കേച്ചിറയില്‍ സമാപിച്ച ഹെറിറ്റേജ് വാക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററും ജില്ലാ കലക്ടര്‍ ഹരിത വി കുമാറും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാരുടെ തായമ്പകയും താണിക്കുടം ആരവം കലാവേദിയുടെ മുടിയേറ്റും പരിപാടിയുടെ ഭാഗമായി അരങ്ങേറി.ആലപ്പുഴ ജില്ലാ കലക്ടറായി സ്ഥലം മാറിപ്പോവുന്ന ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന് ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാരുടെയും ഉപഹാരം ചടങ്ങില്‍ വച്ച് കൈമാറി.തൃശൂരിന്റെ സാംസ്‌കാരിക തനിമയെയും പാരമ്പര്യത്തെയും ഭാവിയിലേക്ക് പകര്‍ന്നു നല്‍കാനുതകുന്ന സംരംഭമാണ് വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റ്.

Leave a Comment

Your email address will not be published. Required fields are marked *