തൃശൂർ: ചേലക്കര മുള്ളൂര്‍ക്കരക്കടുത്ത് വാഴക്കോട്് കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തു. റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബര്‍ തോട്ടം. ആനയുടെ ഒരു കൊമ്പ് കണ്ടെത്തി. കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ രണ്ട് പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊമ്പ് കണ്ടെത്തിയത്.
വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ അസ്ഥികൂടം പരിശോധനയില്‍ കണ്ടെത്തി. രണ്ടര മാസത്തെ പഴക്കമാണ് ഇതിന് സംശയിക്കുന്നത്. വേഗം അഴുകിപ്പോകാന്‍ എന്തെങ്കിലും രാസപദാര്‍ത്ഥം കലര്‍ത്തിയോ എന്ന് വ്യക്തമല്ല. ഇക്കാര്യം അടക്കം പരിശോധിക്കേണ്ടതുണ്ട്. സ്ഥലമുടമ റോയ് വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്. ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ സംശയം.