തൃശൂര്‍: വിശ്വവിഖ്യാതമായ തൃശൂര്‍ പൂരത്തിന് നാന്ദി കുറിച്ച് നെയ്തലക്കാവിലമ്മ വടക്കുന്നാഥക്ഷേത്രത്തിലെ തെക്കെഗോപുരവാതില്‍ തുറന്നിട്ടു. കൊമ്പന്‍ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. വാദ്യഘോഷത്തിന്റെയും, തട്ടകത്തുകാരുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടയെയും തെക്കേഗോപുരം തുറന്ന് കൊമ്പന്‍ ശിവകുമാര്‍ നിലപാടുതറയില്‍ എത്തി മടങ്ങിയതോടെ പൂരംവിളംബരമായി. രാവിലെ എട്ടു മണിയോടെ നാഗസ്വരത്തിന്റെ അകമ്പടിയോടെ കുറ്റൂരില്‍ നിന്ന് പുറപ്പെട്ട നെയ്തലക്കാവില്ലമ്മ ഷൊര്‍ണൂര്‍ റോഡ് വഴി സ്വരാജ് റൗണ്ടില്‍ പ്രവേശിച്ച് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ പത്തരയോടെ വടക്കുന്നാഥനില്‍ എത്തി. വടക്കുന്നാഥനെ വലംവെച്ച ശേഷം തെക്കേഗോപുരവാതിലിന് സമീപം എത്തിയ കൊമ്പന്‍ ശിവകുമാര്‍ ഗോപുരവാതില്‍ പൂരത്തിനായി തുറന്നി്ട്ടതോടെ പൂരവിളംബരമായി. തുടര്‍ന്ന് റൗണ്ടിലേക്ക് ഇറങ്ങി തിരുവമ്പാടി ക്ഷേത്രത്തിലെത്തിയ നെയ്തലക്കാവിലമ്മ ആനപ്പുറത്ത് നിന്ന് ഇറങ്ങാതെ തന്നെ സേവ സ്വീകരിച്ച് തിരുവമ്പാടി ഭഗവതിയെ വണങ്ങി വിയ്യൂര്‍ മൂത്തേടത്ത് മനയില്‍ ഇറക്കിപ്പൂജ നടത്തി കുറ്റൂര്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും. 2019 വരെ തുടര്‍ച്ചയായി ആറ് വര്‍ഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിുരുന്നു തെക്കേഗോപുരവാതില്‍ തള്ളിത്തുറന്ന് തൃശൂര്‍ പൂരം വിളംബരം ചെയ്തത്.