തൃശൂര്‍: മണ്ണുത്തി മുടിക്കോട് ഇടഞ്ഞ ആനയുടെ കൊമ്പ് ഒടിഞ്ഞു. മണ്ണുത്തി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറി കുത്തി മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആനയുടെ കൊമ്പ് ഒടിഞ്ഞത്. രണ്ടാം പാപ്പാന്‍ ഏറെ നേരം ആനപ്പുറത്ത് കുടുങ്ങി. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാണ് ഇടഞ്ഞ് ഭീതി പരത്തിയത്. സമീപത്തെ വാഴത്തോട്ടത്തില്‍ കയറിയ ആന വാഴകളും നശിപ്പിച്ചു. ഇതിനിടെ വൈദ്യുതി പോസ്റ്റ് മറിച്ചിടാനും ശ്രമിച്ചു.
നാട്ടുകാര്‍ ബഹളം വെച്ച്് ശ്രദ്ധതിരിച്ചത് കാരണം ആനയ്ക്ക് വൈദ്യുതി പോസ്റ്റ് മറിച്ചിടാനായില്ല. ഇതുമൂലം വലിയൊരു അത്യാഹിതം ഒഴിവായി. ഇന്ന് ഉച്ചതിരിഞ്ഞ് നാലരമണിയോടെ മുടിക്കോട് സര്‍വീസ് റോഡിലൂടെ നടത്തിക്കൊണ്ടുവരുന്നതിനിടയിലാണ് കൊമ്പന്‍ ഇടഞ്ഞത്. ആനയെ തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം എലഫെന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്. അല്‍പ നേരം ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.
തൃശൂരില്‍ ഇടഞ്ഞ ആനയുടെ കൊമ്പ് ഒടിഞ്ഞു
