തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയർ കാറിൽ
കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജം
ഏഴരയ്ക്ക് കൊല്ലം പാരിപ്പള്ളിയിൽ കട നടത്തുന്ന സ്ത്രീയുടെ ഫോണിൽ നിന്ന് മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചു
പാരിപ്പള്ളിയിൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെതെന്ന് സംശയിക്കുന്ന 50 വയസ്സ് തോന്നിക്കുന്ന പുരുഷനും 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയും എത്തിയത് ഓട്ടോറിക്ഷയിൽ
കടയിൽ നിന്ന് വാങ്ങിയത് ബിസ്കറ്റും റസ്ക്കും
അമ്മയുടെ നമ്പർ സംഘത്തിന് ലഭിച്ചത് കുട്ടിയിൽ നിന്ന് എന്ന് സംശയിക്കുന്നു
കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ പട്ടാപ്പകല്‍ നാലംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്, ഇന്ന്് ഉച്ചതിരിഞ്ഞ് നാലരമണിയോടെയാണ് സംഭവം. ട്യൂഷന് പോകുമ്പോള്‍ വെളള കാറിലെത്തിയ സംഘം സാറയെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന് ജോനാഥന് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി എട്ട് മണിയോടെ സാറയുടെ അമ്മയുടെ ഫോണിലേക്ക് വന്ന കോള്‍ പോലീസിന് നിര്‍ണായക തെളിവായി. കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോണ്‍ കോളിന്റെ ഉറവിടം പോലീസ് കണ്ടെത്തി. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് ഫോണ്‍കോള്‍ വന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി പരിശോധന നടത്തി.
വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ഫോണില്‍ നിന്നാണ് കോള്‍ വന്നത്. പക്ഷേ ഫോണ്‍ വിളിച്ചത് അവരല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഓട്ടോയില്‍ വന്ന ഒരു പുരുഷനും സ്ത്രീയും കടയിലേക്ക് കയറി സ്ത്രീയുടെ മൊബൈല്‍ ഒരു ഫോണ്‍ വിളിക്കാനുണ്ടെന്ന കാരണം പറഞ്ഞുവാങ്ങി. അതിനുശേഷമാണ് കുട്ടിയുടെ അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടത്. കടയിലുണ്ടായിരുന്ന സ്ത്രീയ്ക്ക് ഇവര്‍ എന്താണ് സംസാരിച്ചത് എന്നത് വ്യക്തമായില്ല.ഓട്ടോയില്‍ വന്ന ഇരുവരും കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങളാണോ എന്ന് പരിശോധിക്കുകയാണ് പോലീസ്.
കാറ്റാടിമുക്കില്‍വെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥന് പറയുന്നു. ‘സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം വീട്ടിനടുത്തുള്ള ട്യൂഷന് ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. കാറിനടുത്തെത്തിയപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ഒരാള്‍ ഒരു പേപ്പര്‍ നല്കി അമ്മയ്ക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു. താന്‍ ഇത് നിരസിച്ചെങ്കിലും അബിഗേല്‍ പേപ്പര്‍ വാങ്ങി. ഈ സമയം കുട്ടിയെ കാറിലേക്ക് പിടിച്ച് കയറ്റുകയറ്റി. തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ സംഘം കമ്പുകൊണ്ട് അടിച്ചു. പിന്നാലെ കുട്ടിയുമായി കടന്നുകളഞ്ഞു. കാറില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത് – സഹോദരന് ജൊനാഥന് പറയുന്നു.
വിവരമറിഞ്ഞ് നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പൂയപ്പള്ളി പോലീസില്‍ പരാതി നല്കി. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. കാര്‍ കുറച്ചുദിവസമായി വീടിനടുത്ത് ഉണ്ടായിരുന്നുവെന്നും ജോനാഥന് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പോലീസും കൊട്ടാരക്കര ഡിവൈ.എസ്.പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ കുടുംബവുമായി ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.