Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നാട്ടാനപരിപാലനചട്ടത്തിലെ ഭേദഗതിയെ പിന്തുണയ്ക്കുമെന്ന് ചെന്നിത്തല, ശബരിമല മോഡല്‍ സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്ന് കെ .സുരേന്ദ്രന്‍  

തൃശൂര്‍: നാട്ടാന പരിപാലനച്ചട്ടത്തിലെ പഴുതുകള്‍ ഇല്ലാതാക്കുന്നതിന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കണമെന്നും പ്രതിപക്ഷം ബില്ലിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുമെന്നും മുന്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.  ഉത്സവ-പൂരം- പെരുന്നാള്‍- നേര്‍ച്ച ആഘോഷങ്ങളിലെ ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ തെക്കേഗോപുരനടയില്‍ കേരള ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഉത്സവരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഉത്സവങ്ങള്‍ ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്നതിന് തടസ്സം നില്‍ക്കുന്ന ഹൈക്കോടതി വിധി പുന: പരിശോധിക്കണം.
 വിധിക്കെതിരെ അപ്പീല്‍ പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൂരം സംഘാടകരെ കേള്‍ക്കാന്‍ കോടതി തയ്യാറാകാതിരുന്നത് ഉചിതമായില്ല. കേരളത്തിലെ ആറായിരത്തോളം ഉത്സവാഘോഷങ്ങള്‍ തകര്‍ക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. വെടിക്കെട്ട് സുരക്ഷിതത്വത്തോടെ നടത്തണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ കടുത്ത നിബന്ധനകള്‍ വെച്ച് വെടിക്കെട്ടും ആചാരാനുഷ്ഠാനങ്ങളോടെയുള്ള എഴുന്നള്ളിപ്പും ഇല്ലാതാക്കാനുള്ള കോടതിയുടേയും സര്‍ക്കാരിന്റേയും നിലപാട് ശരിയല്ല. വിവിധ ഉത്സവങ്ങള്‍ക്ക് പതിറ്റാണ്ടുകളായി പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതും ഇല്ലാതാക്കുന്ന ഡി.ജി.പിയുടെ ഉത്തരവ് പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തൃശ്ശൂര്‍ പൂരമടക്കമുള്ള ഉത്സവങ്ങളും പെരുന്നാളുകളും മറ്റും കേരളത്തിലെ ജനങ്ങള്‍ വിചാരിച്ചാല്‍ ആര്‍ക്കും തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് തടസ്സം കൂടാതെ നടത്താന്‍ തമിഴ്‌നാട് നിയമസഭ പ്രത്യേക നിയമനിര്‍മാണം നടത്തി. തമിഴ്‌നാട് ജനതയുടെ വിശ്വാസത്തിന്റെയും, സംസ്്കാരത്തിന്റെയും ഭാഗമാണ് ജെല്ലിക്കെട്ട്. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് ഇപ്പോള്‍ നിയമത്തിന്റെ ഭാഗമാണ്.
ആനയെഴുന്നള്ളിപ്പിലെ പ്രതിസന്ധി മാറ്റുന്നതിന് നാട്ടാനപരിപാലന നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരണം.
ആനയെഴുന്നള്ളിപ്പിലെ പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍  തയ്യാറാകണം. വേണ്ടി വന്നാല്‍ ശബരിമല മോഡല്‍ സമരത്തിന് മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *