Newsskerala

കോട്ടയത്ത്  അക്രമിയുടെ ചവിട്ടേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു

കോട്ടയം : ഏറ്റുമാനൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാഞ്ഞൂര്‍ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജി (27) നെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

പുലര്‍ച്ചെ ഏറ്റുമാനൂര്‍ തെള്ളകം എക്‌സ്‌കാലിബര്‍ ബാറിന് സമീപമായിരുന്നു സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ കാരിത്താസിലെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയില്‍ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം എത്തിയെന്നും , പ്രശ്‌നം ഉണ്ടാക്കിയാല്‍ അകത്ത് കിടക്കുമെന്നും പറഞ്ഞു. ഇതോടെ ക്ഷുഭിതനായ പ്രതി ശ്യാമിന് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്യാമിനെ മര്‍ദ്ദിച്ച പ്രതി , ഇയാള്‍ നിലത്ത് വീണതോടെ നെഞ്ചില്‍ ചവിട്ടുകയും ചെയ്തു.

ഈ അക്രമ സംഭവങ്ങള്‍ കണ്ടാണ് രാത്രി പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് ഷിജി സ്ഥലത്ത് എത്തിയത്. പൊലീസ് വാഹനം കണ്ട ഉടന്‍ തന്നെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെ പിന്നാലെ ഓടിയ പോലീസ് സംഘം പ്രതിയെ പിടികൂടി. ഇതിന് ശേഷം പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ശ്യാം ജീപ്പിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി രണ്ട് മണിയോടെ ശ്യാമിന്റെ മരണം സംഭവിച്ചു.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാമപ്രസാദ്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ കാരിത്താസ് ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും എത്തി.

Leave a Comment

Your email address will not be published. Required fields are marked *