തൃശൂര്‍: കൈക്കൂലി വാങ്ങുമ്പോള്‍ പിടിയിലായ കൊച്ചി കോര്പ്പറേഷന് വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ എ. സ്വപ്നയെ 14 ദിവസത്തേക്ക്് റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജ് ജി. അനിലിനു മുന്നില്‍ സ്വപ്നയെ ഹാജരാക്കി.
സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നതില് വിജിലന്‍സ് അന്വേഷണം തുടങ്ങി. വൈറ്റിലയിലെ കൊച്ചി കോര്പ്പറേഷന് സോണല്‍ ഓഫീസിലെ എന്‍ജിനിയറിങ് ആന്‍ഡ് ടൗണ്‍ പ്ലാനിങ് വിഭാഗത്തില്‍ വിജിലന്‍സ് സി.ഐ ഫിറോസിന്റെ നേതൃത്വത്തില്‍ മൂന്നുമണിക്കൂര്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ മുന്‍പ് നല്കിയ ബില്‍ഡിങ് പെര്‍മിറ്റുകളുടെ രേഖകള്‍ വിജിലന്‍സ് പരിശോധിക്കുകയാണ്. സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ വിവരം വിജിലന്‍സ് സംഘം ശേഖരിച്ചു. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും.
15,000 രൂപയുടെ കൈക്കൂലിപ്പണത്തിനു പുറമേ സ്വപ്നയുടെ കാറില്‍നിന്ന് 45,000 രൂപയും കണ്ടെത്തിയിരുന്നു. ഇത് കൈക്കൂലിയായി കിട്ടിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്. പണത്തിന്റെ ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വപ്നയുടെ മണ്ണുത്തി കാളത്തോട്്്് വീട്, കൊച്ചിയിലെ ഫ്ളാറ്റ് എന്നിവിടങ്ങളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. പണം കിട്ടിയിട്ടില്ല. കണ്ടെടുത്ത രേഖകള്‍ പരിശോധിച്ചുവരുകയാണ്. അറസ്റ്റ് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
സ്വപ്നയെ സസ്പെന്‍ഡ് ചെയ്ത് കൊച്ചി കോര്പ്പറേഷന്. കേരള സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം കര്‍ശന തുടര്ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിന് എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു.