Newsskerala

തൃശൂര്‍ കിഴക്കേകോട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഓഫീസിന് നേരെ ആക്രമണം

തൃശൂര്‍: കിഴക്കേകോട്ടയില്‍  യുഡിഎഫ് സ്ഥാനാര്‍ത്ഥി ബൈജു വര്‍ഗീസിന്റെ ഓഫീസിന് നേരെ ആക്രമണം.  ബൈജു വര്‍ഗീസ് പൊലീസില്‍ പരാതി നല്‍കി. യുഡിഎഫിന്റെ ശക്തമായ  വാര്‍ഡാണിത്. രാഷ്ട്രീയ എതിരാളികള്‍ ഇല്ലെന്നും, ഇത് അങ്ങനെയുള്ള സ്ഥലമല്ലെന്നും ബൈജു വര്‍ഗീസ് വ്യക്തമാക്കി.
അതേസമയം സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്ന ശേഷം തൃശൂര്‍ കോണ്‍ഗ്രസില്‍ വിഭാഗീയത പ്രകടമായിരുന്നു.  സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നാലു പ്രമുഖനേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നിമ്മി റപ്പായി, ജോര്‍ജ് ചാണ്ടി, ഷോമി ഫ്രാന്‍സിസ്, രവി താണിക്കല്‍ എന്നിവരാണ് രാജിവെച്ചത്.  തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനവും, ഡിസിസി സെക്രട്ടറി സ്ഥാനവും രവി താണിക്കല്‍ രാജിവച്ചു. മുന്‍ എംഎല്‍എ ജോസ് താണിക്കലിന്റെ മകനാണ്. സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്ന ശേഷമുള്ള കോണ്‍ഗ്രസിലെ നാലാമത്തെ രാജിയാണിത്.
അതേ സമയം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഷോമി ഫ്രാന്‍സിസ് കുരിയച്ചിറ ഡിവിഷനില്‍ സ്വതന്ത്രനായി മല്‍സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ  വിശ്വസ്തന്‍ സജീവന്‍ കുരിയച്ചിറയ്ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഷോമി രാജി വെച്ചത്.
കോണ്‍ഗ്രസ് മിഷന്‍ കോട്ടേഴ്‌സിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ബൈജു വര്‍ഗീസ് പാര്‍ട്ടി വിരുദ്ധനായി പ്രവര്‍ത്തിച്ച ആളാണെന്ന് ജോര്‍ജ് ചാണ്ടി പറഞ്ഞു. തൃശൂരിലെ പഴയകാല കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ജോസി ചാണ്ടിയുടെ മകനാണ് ജോര്‍ജ് ചാണ്ടി.  കോണ്‍ഗ്രസ് മാത്രം ജയിക്കുന്ന ഡിവിഷനാണ് മിഷന്‍ ക്വാര്‍ട്ടേഴ്‌സും, കിഴക്കേകോട്ടയും.

Leave a Comment

Your email address will not be published. Required fields are marked *