തിരുവനന്തപുരം: കേരളത്തില്‍ കറന്റ്് കട്ട്് നീളുമെന്നുറപ്പായി. രാജ്യത്തെ മൂന്നിലൊന്ന് കല്‍ക്കരി നിലയങ്ങളിലും താപവൈദ്യുതി ഉല്‍പ്പാദനത്തിന് ആവശ്യമായ കല്‍ക്കരി സ്റ്റോക്ക് കുറവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളില്‍ ഗുരുതര കല്‍ക്കരി ക്ഷാമം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഓഗസ്റ്റ് അവസാനം 45 നിലയങ്ങളിലായിരുന്നു ക്ഷാമം നേരിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ 59 ആയി ഉയര്‍ന്നു. ചില നിലയങ്ങളില്‍ മൂന്ന് ദിവസത്തേക്കുള്ള കല്‍ക്കരി പോലും സ്റ്റോക്കില്ല. അന്തരീക്ഷ താപനില ഉയരുകയും ചെയ്തതോടെ രാജ്യത്തെമ്പാടും വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താപവൈദ്യുത നിലയങ്ങളിലേക്ക് കല്‍ക്കരി എത്തിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റോയിട്ടേര്‍സ് വ്യക്തമാക്കുന്നു.
ഇതിനിടെ സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു. 96.40 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപഭോഗം ചെയ്യപ്പെട്ടത്. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. ഇന്നലെ മാത്രം 680 മെഗാവാട്ടിന് മുകളില്‍ വൈദ്യുതി കുറഞ്ഞു. ആകെ ആവശ്യകത 5400 മെഗാവാട്ട് വരെ ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന ഉപഭോഗം രേഖപ്പെടുത്തിയത് രാത്രി പത്തേ കാലിനായിരുന്നു. ഗ്രിഡ് ഫ്രീക്വന്‍സി കുറഞ്ഞതിനാല്‍ റീജിയണല്‍ ലോഡ് ഡെസ്പാച്ച് സെന്റര്‍ ഇടപെട്ടുവെന്നും കെഎസ്ഇബി അറിയിച്ചു.
കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം, വൈദ്യുതി പ്രതിസന്ധി നീളും













