തിരുവനന്തപുരം: സംസ്ഥാനത്ത് ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. പ്രതിപക്ഷത്തുനിന്ന് വി. ജോയ് ആണ് സഭയില്‍ ഈ വിഷയം ഉന്നയിച്ചത്. ഭരണത്തെ മാറ്റത്തെ തുടര്‍ന്ന് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ജീവനക്കാരെ തിരഞ്ഞെടുപിടിച്ച് സ്ഥലം മാറ്റുന്നുവെന്ന് വി.ജോയ് ആരോപിച്ചു.
ഭരണമാറ്റത്തിന് ശേഷം ഒരു മാനദണ്ഡവും പാലിക്കാതെ 33 വകുപ്പുകളിലായി 207 ഉത്തരവുകളിലൂടെ 310 വനിതകള്‍ അടക്കമുള്ള ജീവനക്കാരെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് വി. ജോയ് ചൂണ്ടിക്കാട്ടി. ഭരണകക്ഷി സംഘടനാ നേതാക്കള്‍ ലെറ്റര്‍പാഡില്‍ എഴുതിക്കൊടുക്കുന്നതനുസരിച്ചാണ് സ്ഥലംമാറ്റം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, മേയ് മാസം വിരമിക്കല്‍ കാലമാണെന്നും ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ചാണ് സ്ഥലംമാറ്റങ്ങള്‍ നടത്തിയതെന്നും പൊതുഭരണ വകുപ്പ് മന്ത്രി സണ്ണി ജോസഫ് മറുപടി നല്‍കി.
ഇതിനിടെ മന്ത്രി സണ്ണി ജോസഫിന്റെ അളിയനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ച കാര്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും മന്ത്രി അതിനോട് പ്രതികരിച്ചില്ല. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.













