തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കി.
2026ല്‍ അധികാരമേറ്റ പുതിയ സര്‍ക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ധവളപത്രത്തിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും 2025-ല്‍ മാത്രം 262 ദിവസം വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിനെയും 84 ദിവസം ഓവര്‍ഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നുവെന്നത് ഖജനാവിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു.
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ നിര്‍ബന്ധിത ചെലവുകള്‍ക്കായി മാറ്റിവെക്കേണ്ടി വരുന്നത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ/ഡി.ആര്‍ കുടിശ്ശികയിനത്തില്‍ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. അതേസമയം, സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനായുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നത് ആശങ്കാജനകമാണെന്നും ധവളപത്രത്തില്‍ വ്യക്തമാക്കുന്നു.
കിഫ്ബി വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യത യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ തന്നെ കടമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനു പുറമെ കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി രൂപയായി ഉയര്‍ന്നു. സാമ്പത്തിക ഞെരുക്കം കാരണം പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്കായുള്ള പദ്ധതി വിഹിതത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.നികുതി വരുമാനത്തിലുണ്ടായ കുറവും കേന്ദ്ര സഹായം പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വ്യവസായ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ സാധിക്കൂ എന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.













