തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പിഎസ്സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇന്നലെ വൈകീട്ടാണ് സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില് ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ച് കൊണ്ടാണ് ഗവര്‍ണറുടെ ഈ നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്നുള്‍പ്പെടെ ഗവര്‍ണര്‍ പിഎസ്സി സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കിയെന്നാണ് വിവരം. അന്വേഷണത്തിന്റെ പുരോഗതിയും ചോദിച്ചറിഞ്ഞു. അന്വേഷണവുമായി പിഎസ്സി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
പിഎസ്സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്നാല്‍ പിഎസ്സിയുടെ ആഭ്യന്തര വിജിലന്‍സ് സംവിധാനം അത് പരിശോധിച്ച് നടപടിയെടുക്കുന്നതാണ് പതിവ് രീതി. ഉദ്യോഗസ്ഥരെ ഈ വിധത്തില്‍ ഗവര്‍ണര്‍ ലോക്ഭവനിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടുന്നത് വരും ദിവസങ്ങളിലും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവക്കും. ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍.











