വയനാട്: വാഴവറ്റയിലെ വീട്ടമ്മ അമ്മിണി(46)യുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ അയല്‍വാസിയായ വയോധിക അറസ്റ്റില്‍. വാഴവറ്റ എടത്തില്‍ ഉന്നതിയിലെ അമ്മിണിയാണ് പൊലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ 28ന് രാത്രിയാണ് കൊലപാതകം സംഭവിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. അമ്മിണിയെ കഴുത്തുഞെരിച്ചാണ് പ്രതിയായ അമ്മിണി കൊന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. പ്രതി അമ്മിണിയും ഭര്‍ത്താവും മദ്യപാനികളാണ്. സംഭവം നടന്ന ദിവസം ഇരുവരും മദ്യപിച്ചെത്തി കൊല്ലപ്പെട്ട അമ്മിണിയുടെ കുടുംബവുമായി വാക്കുതര്‍ക്കമുണ്ടായി. വാക്കേറ്റത്തിനിടെ അമ്മിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ ബത്തേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജിരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.







