കൊച്ചി: തൃശൂരിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വ്യാപാര മേഖലകളിൽ നിറസാന്നിധ്യമായിരുന്ന എം.കെ സൂര്യ പ്രകാശ്, 68, വിടവാങ്ങി. സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. കോർപ്പറേഷൻ മുൻ ഡെപ്പൂട്ടി മേയറും, കൂർക്കഞ്ചേരി എസ്.എൻ.ബി.പി. യോഗം മുൻ പ്രസിഡണ്ടും സിനിമാ നിർമാതാവുമാണ് മുണ്ടപ്പാട്ട് കുമാരൻ്റെ മകൻ സൂര്യപ്രകാശ്. ജയ ബേക്കറി സ്ഥാപനങ്ങളുടെ പാർട്ട്ണറാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വടൂക്കര എസ്.എൻ. ബി .പി. ശ്മശാനത്തിൽ. തുടർന്ന് അവിടെ അനുസ്മരണ യോഗവും നടക്കും.
ഭാര്യ – ബേബി. മക്കൾ – സരിഗ, സച്ചിൻ, നിമ . മരുമക്കൾ – റോഷൻ, ദിവ്യ, സിഷോ. തൃശൂർ കോർപറേഷനിൽ രണ്ടു തവണ കൗൺസിലറായി. ഡി.ഐ.സി. പ്രതിനിധിയായിരിക്കെ 2005 ലാണ് ഡെപ്യൂട്ടി മേയറായത്. കെ.എസ്.യു വിലൂടെ പൊതുരംഗത്തെത്തി. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് തൃശൂർ വെസ്റ്റ് മണ്ഡലം ഭാരവാഹിയായിരുന്നു. കെ. കരുണാകരൻ്റെ അനുയായിയായിരുന്ന സൂര്യപ്രകാശ് കോൺഗ്രസ് വിട്ട് ഡി.ഐ.സി.യിൽ ചേർന്നു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി.
ഇക്കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിൽ ചേർന്നു. 41-ാം ഡിവിഷനിൽ ( കൂർക്കഞ്ചേരി) പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 1997ൽ കൂർക്കഞ്ചേരി എസ്.എൻ.ബി.പി. യോഗം പ്രസിഡൻ്റായി. പിന്നീട് നിരവധി തവണ ഈ പദവിയിൽ തുടർന്നു. കണിമംഗലം ഉപഭോക്തൃ സഹകരണ സംഘം മുൻ പ്രസിഡൻ്റുമാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട മൂന്ന് ചലച്ചിത്രങ്ങളുടെ നിർമാതാവാണ്. മിത്ര ഫിലിംസിൻ്റെ ബാനറിൽ ശാലിനി എൻ്റെ കൂട്ടുകാരി, പ്രേമ ഗീതങ്ങൾ എന്നീ ചിത്രങ്ങൾ നിർമിച്ചു. പിന്നീട് അമ്പിളി സംവിധാനം ചെയ്ത വീണപ്പൂവ് സ്വതന്ത്രമായും നിർമിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ .ആർ ബിന്ദു , തൃശൂർ മേയർ എം കെ വർഗ്ഗീസ് , മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ , മുൻ മേയർ രാജൻ പല്ലൻ, സി പി ഐ (എം) സംസ്ഥാന കമ്മറ്റി അംഗം എം കെ കണ്ണൻ , മുൻ എം എൽ എ ചന്ദ്രമോഹൻ , വി.കെ. അശോകൻ, കോർപറേഷൻ കൗൺസിലർമാർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പേർ പരേതൻ്റെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു .