നഗോയ: ഏഷ്യന്‍ ഗെയിംസ്്് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണ നേട്ടം. അമ്പെയ്ത്ത് മിക്്‌സഡ് ഇനത്തില്‍ ഇന്ത്യയുടെ ചികിത-സാഹില്‍ സഖ്യം സ്വര്‍ണം കരസ്ഥമാക്കി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ എട്ടാം സ്വര്‍ണമാണിത്.
അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം സ്വര്‍ണമണിഞ്ഞതിനു പിന്നാലെ കോമ്പൗണ്ട് മിക്‌സഡ് ടീമും സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ദക്ഷിണ കൊറിയയോട് ഷൂട്ടി ഓഫിലായിരുന്നു ഇന്ത്യയുടെ വിജയം. സഹില്‍ – തനിപര്‍ത്തി ചികിത സഖ്യമാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്.
നേരത്തേ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ഒന്നാം സീഡുകളായ ചൈനയെ തകര്‍ത്ത് തങ്ങളുടെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചു. ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ്, തനിപര്‍ത്തി ചികിത എന്നിവരടങ്ങിയ ടീമാണ് ഇത്തവണത്തെ ഗെയിംസിലെ ഇന്ത്യയുടെ ഏഴാം സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.
ഫൈനലില്‍ ദക്ഷിണ കൊറിയ കുറിച്ച ലോക റെക്കോര്‍ഡിനൊപ്പമെത്താനും ഇന്ത്യന്‍ സംഘത്തിന് കഴിഞ്ഞു. സമ്മര്‍ദ ഘട്ടങ്ങളിലും തികഞ്ഞ ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയും മത്സരിച്ച ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്വം പുലര്‍ത്തി. നാലാം എന്‍ഡിന്റെ ആദ്യ റൊട്ടേഷനില്‍ ചൈന 10, 9, 9 എന്നിങ്ങനെ സ്‌കോര്‍ ചെയ്തപ്പോള്‍, ഇന്ത്യ തികഞ്ഞ കൃത്യതയോടെ 10, 10, 10 സ്‌കോര്‍ ചെയ്താണ് തിരിച്ചടിച്ചത്. രണ്ടാമത്തെ റൊട്ടേഷനില്‍ ചൈന 30/30 നേട്ടവുമായി തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും, നേരത്തെ തന്നെ വലിയ ലീഡ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീം വീണ്ടും 10, 10, 10 സ്‌കോര്‍ ചെയ്ത് സ്വര്‍ണമെഡല്‍ ഉറപ്പിച്ചു.









