തൃശൂര്‍: കോണ്‍ഗ്രസിന്റെ തന്‍പ്രമാണിത്ത നിലപാടും, നേതാക്കള്‍ക്കിടയിലെ തമ്മിലടിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതീക്ഷിച്ചതിലും വിപരീതഫലമാണ് ഉണ്ടായത്.
ഒറ്റയ്ക്ക് നിന്ന് വിജയിക്കാമെന്ന കോണ്‍ഗ്രസിന്റെ അതിരുവിട്ട ആത്മവിശ്വാസം പ്രത്യേകിച്ച് രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് ഗുണകരമായി. തൃശൂരില്‍ നവകേരളസദസ്സുമായി ബന്ധപ്പെട്ട് പ്രഭാതയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്.
മധ്യപ്രദേശില്‍ നല്ല സ്വാധീനം ഉണ്ടായിരുന്ന സമാജ്വാദി പാര്‍ട്ടിയെ കൂടെ കൂട്ടിയില്ല. യോജിപ്പിച്ച് നിര്‍ത്താന്‍ പറ്റിയവരെ അകറ്റി ഒറ്റയ്ക്ക് മത്സരിക്കാനാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. സമാജ് വാദി പാര്‍ട്ടിക്ക് സീറ്റുകള്‍ നല്‍കാമെന്ന് ദ്വിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവായ കമല്‍നാഥ് അതിനെ എതിര്‍ത്തു. ഹനുമാന് ഭക്തനായ കമല്‍നാഥിന് മൃദുഹിന്ദുത്വമനോഭാവമാണ്. രാജസ്ഥാനിലും സഖ്യകക്ഷികളെ അകറ്റി നിര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.