തൃശൂര്‍: കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയുടെ നിലവാരത്തിലേക്ക് തരംതാഴരുതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. പിന്നിട്ട കാലഘട്ടത്തിലെ പ്രബുദ്ധമായ പാരമ്പര്യം മറക്കരുതെന്നും അദ്ദേഹം മുഖ്യധാരാമാധ്യമങ്ങളെ ഓര്‍മ്മിപ്പിച്ചു. ഹോട്ടല്‍ കാസിനോ ഓഡിറ്റോറിയത്തില്‍ തൃശൂര്‍ പ്രസ് ക്ലബ് സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളിലൂടെ ആരെ വേണമെങ്കിലും മോശമായി ചിത്രീകരിക്കാം. സ്ത്രീകളാണ് കൂടുതല്‍ അപമാനിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്നും, ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരമായ വിമര്‍ശനങ്ങളാണ് തെറ്റുകള്‍ തിരുത്തി സ്വയംനവീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ശരിയായ വഴി ഏതെന്ന് ബോധ്യപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം.
അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം പ്രകടമാണിന്ന്്. സമൂഹമാധ്യമങ്ങളിലൂടെ എന്തും വിളിച്ചുപറയാമെന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളില്‍ വരുന്നതെന്നതെല്ലാം ശരിയാണെന്ന്് തെറ്റിദ്ധരിക്കുന്നവര്‍ ധാരാളം പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തനത്തിന് മാറ്റം വന്നു, ഗുണകരമായ മാറ്റമാണോയെന്ന് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പണ്ട് പത്രങ്ങളില്‍ വാര്‍ത്തകള്‍ തെറ്റായി വന്നാല്‍ പിറ്റെ ദിവസം തിരുത്തുമായിരുന്നു. എന്നാല്‍ ഇന്ന് യാതൊരു ഖേദപ്രകടനം പോലുമില്ലാതെ പിറ്റെ ദിവസവും അതേ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
തേക്കിന്‍കാട് മൈതാനത്തെ ലോകോത്തരനിലവാരമുള്ള സ്ക്വയറാക്കി മാറ്റാന്‍ പദ്ധതി തയ്യാറാക്കിയെന്നും അദ്ദേഹം അറിയിച്ചു. നാടിന്റെ പൈതൃക സ്വത്താണിതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബിന്റെ മുന്‍കാല ഭാരവാഹികളെ മുഖ്യമന്ത്രി ആദരിച്ചു.
യുവജനക്ഷേമ-കായികമന്ത്രി ഒ.ജെ.ജനീഷ് മുഖ്യാതിഥിയായി. ബെന്നി ബെഹന്നാന് എം.പി, എം.എല്‍.എമാരായ കെ.രാജന്, രാജന്.ജെ.പല്ലന്,ഗീതാഗോപി, കെ.കെ.വത്സരാജ്, തോമസ് ഉണ്ണിയാടന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്്് മേരി തോമസ്, മേയര്‍ ഡോ.നിജി ജസ്റ്റിന്, ഡെപ്യൂട്ടി മേയര്‍ എ.പ്രസാദ്, കോര്പറേഷന് കൗണ്‍സിലര്‍മാരായ പൂര്‍ണിമ സുരേഷ്, സുബി ബാബു, കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡണ്ട് കെ.പി.റെജി, സെക്രട്ടറി സുരേഷ് എടപ്പാള്‍,അഡ്വ.തമ്പാന് തോമസ്്് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡണ്ട് എം.ബി.ബാബു അധ്യക്ഷനായി. സെക്രട്ടറി രഞ്ജിത് ബാലന് സ്വാഗതവും, ജോ.സെക്രട്ടറി ബി.സതീഷ് നന്ദിയും പറഞ്ഞു.
സോഷ്യല്‍മീഡിയയുടെ നിലവാരത്തിലേക്ക് മുഖ്യധാരാമാധ്യമങ്ങള്‍ തരം താഴരുതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്














