.
കൊച്ചി: ചേരാനെല്ലൂരില്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ കേസില്‍ കാര്‍ ഓടിച്ച 17കാരന്റെ പിതാവ് ജഡ്ജിക്കെതിരെ കേസെടുത്തു. വാഹനത്തിന്റെ ഉടമയാണ് എംഎസിടി ജഡ്ജി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തിരിക്കുന്നത്. പതിനാറുകാരന് സ്ഥിരമായി വാഹനം ഓടിക്കുന്നയാളെന്ന് പൊലീസ് അറിയിച്ചു. അതിവേഗതയില്‍ കാര്‍ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരന് 104 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ (55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെ 17 കാരനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തു.
പ്രതിക്കെതിരെ പൊലീസ് 181,183 മോട്ടോര്‍ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയില്‍ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകള്‍. അതിനിടെ കഴിഞ്ഞ ദിവസം ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17 കാരനെ ജാമ്യം നല്കി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ തളര്‍ന്നുവീണു. ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്പില് മകളടക്കമുള്ള കുടുംബാംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് മകള്‍ തളര്‍ന്നുവീണത്.










